ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി

09:03 pm 28/12/2016

– ജീമോന്‍ റാന്നി
Newsimg1_30728660
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 35ാമത് ക്രിസ്മസ് ആഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് അവിസ്മരണീയമായി.

ഡിസംബര്‍ 25ന് വൈകുന്നേരം 5 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടത്തപ്പെട്ടത്. പ്രാരംഭ സെഷനില്‍ വൈസ് പ്രസിഡന്റ് റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍ നേതൃത്വം നല്‍കി. റവ. കെ. ബി. കുരുവിളയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ആഘോഷത്തില്‍ സെക്രട്ടറി രവി വര്‍ഗീസ് പുളിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വെരി. റവ. ഫാ. സക്കറിയ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പാ അധ്യക്ഷപ്രസംഗം നടത്തി.

ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ രക്ഷാധികാരി അലക്‌സിയോസ് മാര്‍ യൂസേബിയോസ് കേരളത്തില്‍ നിന്നും അയച്ച ക്രിസ്മസ് സന്ദേശം റവ. ഫാ. മാമ്മന്‍ മാത്യു വായിച്ചു. ക്രിസ്മസ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലാണെന്ന് തിരുമേനി സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

തുടര്‍ന്ന് റവ. ഫാ. ഐസക്ക് പ്രകാശ് ക്രിസ്മസ് സന്ദേശം നല്‍കി. നമ്മിലേക്ക് താണിറങ്ങി വന്ന ക്രിസ്തുവിനെ അനുഭവിച്ചറിയുന്നതാണ് ക്രിസ്മസിന്റെ സന്ദേശം എന്ന് അച്ചന്‍ ഓര്‍പ്പിക്കുകയുണ്ടായി.

സബാന്‍ സാമിന്റെ നേതൃത്വത്തിലുള്ള എക്യുമെനിക്കല്‍ ക്വയര്‍ മനോഹര ഗാനങ്ങളാലപിച്ചു. ഹൂസ്റ്റണിലെ 18 ഇടവകകളില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ അവതരിപ്പിച്ച പരിപാടികളോടൊപ്പം നിരവധി ഇടവകകളില്‍ നിന്നും വന്ന ഗായക സംഘങ്ങള്‍ ശ്രുതിമധുരമായ ക്രിസ്മസ് ഗാനങ്ങളാലപിച്ചു.

അനൂപ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മറ്റി പരിപാടികളുടെ ചുക്കാന്‍ പിടിച്ചു. റുബിയ മേരി രജിയും ഷാരന്‍ ജോണും എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് സംഘടനയുടെ ഭാവിപരിപാടികളായ ബൈബിള്‍ കണ്‍വന്‍ഷന്‍, സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ്, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയെക്കുറിച്ച് പിആര്‍ഒ റവ. കെ. ബി. കുരുവിള പ്രസ്താവന നടത്തി.

ട്രഷറര്‍ മോസസ് പണിക്കര്‍ നന്ദി രേഖപ്പെടുത്തി. വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പായുടെ പ്രാര്‍ഥനയോടും ആശീര്‍വാദത്തോടും കൂടി 35ാമത് ക്രിസമ്‌സ് ആഘോഷത്തിന് തിരശീല വീണു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ റവ. കെ. ബി. കുരുവിള അറിയിച്ചതാണിത്.