​കണ്ണൂരില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്

08:54 am 22/10/2016
download (5)

കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സി.പി.ഐ.എം നേതാവ് എ അശോകന്റെ വീടിന് നേരെ ബോംബേറ്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാന് ഗുരുതരമായി പരിക്കേറ്റു. ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലെത്തിയ പ്രമുഖ നേതാവാണ് എ അശോകന്‍.
അശോകന് വധ ഭീഷണിയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഗണ്‍മാനെയും നല്‍കിയിരുന്നു. നേരത്തെ നടന്ന സംഘര്‍ഷത്തിന് ശേഷം സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുവിഭാഗവും ആയുധം ശേഖരിക്കുന്നെന്നും ആക്രമണത്തിന് തയ്യാറെടുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ അര്‍ദ്ധരാത്രി അശോകന്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
വീടിനകത്ത് നില്‍ക്കുകയായിരുന്നതിനാല്‍ അശോകന് പരിക്കേറ്റില്ല. ഈ സമയം പുറത്ത് നില്‍ക്കുകയായിരുന്ന ഗണ്‍മാന്റെ കാലിന് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഗണ്‍മാനെ നാട്ടുകാരാണ് തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ രാവിലെ അശോകന്റെ വീട് സന്ദര്‍ശിക്കുമെന്നാണ് വിവരം.