2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു

08:09 pm 27/12/2016
images (4)

അബൂദബി: 2017നെ യു.എ.ഇയുടെ ദാനധര്‍മ വര്‍ഷമായി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കാനും ദാനധര്‍മങ്ങള്‍ ചെയ്യാനും രാജ്യവും ജനതയും പുലര്‍ത്തുന്ന നിലപാട് ഉയര്‍ത്തിക്കാട്ടുകയാണ് വര്‍ഷാചരണത്തിന്‍െറ ലക്ഷ്യം. വായന വര്‍ഷാചരണം -2016 സമാപിക്കുന്നതോടെ ദാനധര്‍മ വര്‍ഷാചരണം -2017 സമാരംഭിക്കും.
യു.എ.ഇ ദാനധര്‍മങ്ങളുടെ രാജ്യമാണെന്ന് ശൈഖ് ഖലീഫ പറഞ്ഞു. ‘ഇവിടുത്തെ ജനത ശൈഖ് സായിദിന്‍െറ മക്കളാണ്. മറ്റു രാജ്യങ്ങള്‍ അവരുടെ ചരിത്രത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് പറയാനുള്ളത് നമ്മള്‍ മറ്റുള്ളവര്‍ക്ക് കൈയയച്ചു നല്‍കിയതിന്‍െറ ചരിത്രത്തെ കുറിച്ചാണ്. ഈ നാടിന്‍െറ ജന്‍മം മുതല്‍ ആരംഭിച്ചതാണ് ദാനവും ധര്‍മവും.’ – 2017 ദാനധര്‍മ വര്‍ഷമായി പ്രഖ്യാപിച്ച് ശൈഖ് ഖലീഫ പറഞ്ഞു.
മൂന്ന് മുഖ്യ അടിസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ദാനധര്‍മ വര്‍ഷം ആചരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക പദ്ധതികളെ ഏകോപിപ്പിച്ച് രാജ്യപുരോഗതിക്കും വികസനത്തിനുമായി പ്രയോജനപ്പെടുത്തുകയാണ് ഇതില്‍ ഒന്നാമത്തേത്. രാജ്യത്തിന്‍െറ വികസനത്തിലേക്കുള്ള മുന്നേറ്റത്തില്‍ സംഭാവന നല്‍കാനും സമൂഹത്തെ സേവിക്കുന്നതിലുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാനും സ്വകാര്യ മേഖയില്‍ സാമൂഹിക ഉത്തരവാദിത്ത ബോധം വളര്‍ത്തും. രണ്ടാമത്തേത് സന്നദ്ധപ്രവര്‍ത്തനത്തിനുള്ള താല്‍പര്യം പ്രോത്സാഹിപ്പിക്കുകയും സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിച്ച് വിവിധ മേഖലകളില്‍ ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ്. രാജ്യത്തെ സേവിക്കാനുള്ള പ്രതിബദ്ധതയും കൂറും വരും തലമുറയില്‍ ദൃഢമാക്കുക എന്നതാണ് മൂന്നാമത്തേത്.
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുകയെന്ന, രൂപവത്കരണം മുതല്‍ രാഷ്ട്രം സ്വീകരിച്ചുപോരുന്ന മാതൃക പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് 2017നെ ദാനധര്‍മ വര്‍ഷമായി ആചരിക്കേണ്ടതെന്ന് ശൈഖ് ഖലീഫ ഊന്നിപ്പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലോകത്തെ നിര്‍ഭാഗ്യവാന്മാരായ മനുഷ്യരെ സഹായിക്കുന്ന കാര്യത്തിലും അറിയപ്പെടുന്ന രാജ്യമാണ് യു.എ.ഇ. ലോകത്തെ പ്രമുഖ മനുഷ്യ സ്നേഹിയായിരുന്ന ശൈഖ് സായിദ് ബിന്‍ ആല്‍ നഹ്യാന്‍െറ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. ജീവകാരുണ്യ-മനുഷ്യ സ്നേഹ പ്രവര്‍ത്തനങ്ങളില്‍ മഹത്തായ മുന്നേറ്റം യു.എ.ഇ നടത്തിയിട്ടുണ്ടെന്നും ശൈഖ് ഖലീഫ കൂട്ടിച്ചേര്‍ത്തു.
2017 ദാനധര്‍മ വര്‍ഷമായി ആചരിക്കാനുള്ള ശൈഖ് ഖലീഫയുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാനുള്ള സമഗ്രമായ ആസൂത്രണ രേഖ തയാറാക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആവശ്യപ്പെട്ടു. ലക്ഷ്യം നിശ്ചയിക്കുക, ഫെഡറല്‍-തദ്ദേശ സംരംഭങ്ങള്‍ക്ക് രൂപരേഖ തയാറാക്കുക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സാമൂഹിക ഉത്തരവാദിത്ത സംസ്കാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയത്.
ഇതു വഴി സ്വകാര്യ, പൊതു മേഖലകളിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യു.എ.ഇയുടെ വികസന പ്രക്രിയയില്‍ ഫലപ്രദമായ രീതിയില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കും. രാജ്യത്തിന്‍െറ വികസന പ്രയാണത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അതി പ്രധാനമായതിനാല്‍ ദാനധര്‍മ വര്‍ഷത്തിന്‍െറ പരിപാടികളും സംരംഭങ്ങളും സ്വകാര്യ മേഖലയെ സവിശേഷമായി ലക്ഷ്യം വെക്കുന്നതാണെന്ന് ശൈഖ് മുഹമ്മദ് എടുത്ത് പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ഒരു വര്‍ഷം അനുവദിച്ചത് ലോകത്തെ മനുഷ്യ സ്നേഹ പ്രവൃത്തികളില്‍ മുന്നില്‍ നില്‍ക്കുന്ന യു.എ.ഇയുടെ സ്ഥാനം വ്യക്തമാക്കുന്നതായി.
ഇതിന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ക്ക് നന്ദി പറയുന്നതായും ശൈഖ് മുഹമ്മദ് അറിയിച്ചു.
യു.എ.ഇ നേതാക്കളില്‍നിന്നും രാജ്യത്തെ ഉദാരമതികളായ ജനങ്ങളില്‍നിന്നും അറബ് മേഖലക്കും ലോകത്തിനാകെയും സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െയും പ്രത്യാശയുടെയും സന്ദേശമാണ് ദാനധര്‍മ വര്‍ഷാചരണമെന്നും അദ്ദേഹം പറഞ്ഞു.