117 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് റിക്കാര്‍ഡ് തകര്‍ത്ത് ഗുജറാത്ത് ഓപ്പണര്‍

04:59 am 28/12/2016
Newsimg1_2721035

ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ റിക്കാര്‍ഡിനുടമയായി ഗുജറാത്ത് ബാറ്റ്‌സ്മാന്‍ സമിത് ഗൊഹെല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓപ്പണര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയാണ് സമിത് ഗൊഹെല്‍ ലോകറിക്കാര്‍ഡ് നേടിയത്. 117 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്ത സമിത് പുറത്താകാതെ 359 റണ്‍സാണ് നേടിയത്. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിലായിരുന്നു സമിതിന്റെ നേട്ടം.

1899ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് കൗണ്ടി ടീം സോമര്‍സെറ്റിനെതിരെ സറേയ്‌സിന്റെ ബോബി ആബെല്‍ നേടിയ 357 റണ്‍സിന്റെ റിക്കാര്‍ഡാണ് സമിതിനു മുന്നില്‍ പഴങ്കഥയായത്. 723 പന്തില്‍ 45 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു സമിതിന്റെ ലോക റിക്കാര്‍ഡ് നേട്ടം. ട്രിപ്പിള്‍ സെഞ്ചുറി നേടുകയും ടീമിന്റെ ഇന്നിംഗ്‌സ് മുഴുവന്‍ ബാറ്റുചെയ്യുകയും ചെയ്ത നാലാമത്തെ താരമെന്ന അപൂര്‍വ നേട്ടവും സമിത് സ്വന്തമാക്കി.

സമിതിന്റെ പ്രകടനത്തിന്റെ കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 641 റണ്‍സ് നേടിയ ഗുജറാത്ത്, ഒഡീഷയ്ക്കുമുന്നില്‍ 706 റണ്‍സിന്റെ വിജയലഷ്യം ഉയര്‍ത്തിയെങ്കിലും ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ ഒഡീഷ മല്‍സരം സമനിലയിലാക്കി.