07:58 am 23/3/2017
എ എഫ് സി ഏഷ്യന്‍ ഫുട്ബോള്‍ യോഗ്യതാ റൗണ്ടിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ചരിത്ര വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ കംബോഡിയയെ തോല്‍പ്പിച്ചു. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ വിദേശത്ത് ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരം വിജയിക്കുന്നത്. 1-1 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യപകുതിക്ക് ശേഷമാണ് മല്‍സരം ചടുലമായത്. രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളാണ് പിറന്നത്. ഇന്ത്യയ്ക്കുവേണ്ടി സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, സന്ദേശ് ജിംഗാന് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഒന്നാം പകുതിയിലായിരുന്നു സുനില്‍ ഛേത്രിയുടെ ഗോള്‍. സന്ദേശ് ജിംഗനും ജെജെ ലാല്‍പെഖുലയുമാണ് രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ടത്. മലയാളി താരങ്ങളായ അനസ് എടത്തൊടികയും സി കെ വിനീതും ആദ്യ ഇലവനില്‍ കളിച്ചിരുന്നു. ചില നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും വിനീതിന് ലക്ഷ്യം കാണാനായില്ല അനസിന്റെ രാജ്യാന്തര അരങ്ങേറ്റ മത്സരം കൂടിയായായിരുന്നു ഇത്. ഗോള്‍കീപ്പര്‍ ടീ പി രഹനേഷിന് ആദ്യ ഇലവനില്‍ ഇടംപിടിക്കാനായില്ല. ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്ത്യക്കായി ഗോള്‍വലയം കാത്തത്.