01:00 pm 13/2/2017
കോൽക്കത്ത: പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിൽ 150 രൂപയുടെ തർക്കത്തെ തുടർന്ന് ഒന്പതാം ക്ലാസുകാരനെ സഹപാഠികൾ കൊലപ്പെടുത്തി. കൃഷ്ണാനഗർ സ്കൂളിലെ വിദ്യാർഥി ദേബാശിഷ് ഭൗമിക് (14) ആണ് കൊല്ലപ്പെട്ടത്. ഇതേ സ്കൂളിലെ വിദ്യാർഥികളായ രണ്ടുപേരെ സംഭവുമായി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം നടന്നത്.
ദേബാശിഷ് പ്രതികൾക്ക് 150 രൂപ കടമായി നൽകിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. ദേബാശിഷിനെ തലയിൽ മദ്യക്കുപ്പിക്ക് അടിച്ചുവീഴ്ത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. സമീപത്തെ ഒരുകുഴിയിൽ മൃതദേഹം മറവുചെയ്ത ശേഷം പ്രതികൾ വീട്ടിലേക്ക് മടങ്ങി. എട്ടാം തീയതി വൈകുന്നേരം സൈക്കിളിൽ വീട്ടിൽനിന്നും കളിക്കാനായിപോയ ശേഷം ദേബാശിഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതിനൽകുകയും അന്വേഷിച്ചുവരികയുമായിരുന്നു.
വീടിനു രണ്ടു കിലോമീറ്റർ മാറി ഉപേക്ഷിക്കപ്പെട്ട ഹെലിപാഡിനു സമീപം കുറ്റിക്കാട്ടിൽ ശനിയാഴ്ച പോലീസ് ദേബാശിഷിന്റെ സൈക്കിൾ കണ്ടെത്തി. അന്വേഷണത്തിൽ ദേബാശിഷും കൂട്ടുകാരും എട്ടാം തീയതി വൈകുന്നേരം ഇവിടെ എത്തിയിരുന്നതായി മനസിലായി. ഇതേ തുടർന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെ കൊലപാതകത്തിന്റെ ചുരുൾനിവർന്നു.