പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപം വന്‍തീപിടിത്തം.

11;55 pm 28/8/2016
images (1)
തിരുവനന്തപുരം: തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയായ പത്മനാഭസ്വാമിക്ഷേത്രത്തിന് സമീപം വന്‍തീപിടിത്തം. ഫയര്‍ഫോഴ്സിന്‍െറയും പൊലീസ് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലില്‍ വന്‍ദുരന്തമൊഴിവായി. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ്ങിന്‍െറ രണ്ടാംനിലയിലെ തുണിക്കട ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.ആർക്കും ആളപായമില്ല.

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച വൈകീട്ട് നാലോടെ രണ്ടാംനിലയിലെ റിച്ച്മണ്ട് എന്ന തയ്യല്‍കേന്ദ്രത്തിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ഇസ്തിരിപ്പെട്ടിയില്‍ നിന്നുണ്ടായ തീ സമീപത്തെ തുണികളിലേക്ക് പടരുകയായിരുന്നു. ഇത് തയ്യല്‍കേന്ദ്രത്തിനുപിറകിലെ ഗോഡൗണിലേക്ക് പടര്‍ന്നു. സംഭവസമയം പത്തോളം ജീവനക്കാര്‍ ഇതിനുള്ളിലുണ്ടായിരുന്നു. ഇവരെ ഉടന്‍ തന്നെ പുറത്തത്തെിച്ചു.

4.10 ഓടെ തീ ആളിക്കത്താന്‍ തുടങ്ങി. 4.15 ഓടെ മൂന്നാം നിലയിലേക്കും തീ പടര്‍ന്നു. ഉടന്‍തന്നെ ചെങ്കല്‍ചൂള ഫയര്‍സ്റ്റേഷനില്‍ നിന്ന് നാലു യൂനിറ്റുകളത്തെി രക്ഷാപ്രവര്‍ത്തനം തുടങ്ങി. മൂന്നാംനിലയിലേക്കുള്ള വാതിലുകളും ജനാലകളും അടയ്ക്കപ്പെട്ടിരുന്നതിനാല്‍ ഫയര്‍മാന്‍മാര്‍ക്ക് അകത്തുകടക്കാനായില്ല. ഇതോടെ പുറത്തുനിന്ന് വെള്ളം ചീറ്റി തീ അണക്കാന്‍ ശ്രമംതുടങ്ങി. കടല്‍തീരത്തുനിന്നുള്ള കാറ്റ് കിഴക്കേകോട്ടയിലേക്ക് വീശിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. കാറ്റ് ശക്തമായതോടെ തീ ആളിക്കത്താന്‍ തുടങ്ങി. ആദ്യമത്തെിയ നാലുയൂനിറ്റുകളിലെ വെള്ളം തീര്‍ന്നതോടെ ചാക്ക, നെടുമങ്ങാട്, നെയ്യാറ്റിന്‍കര തുടങ്ങിയ ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് പരമാവധി വാഹനങ്ങള്‍ സംഭവസ്ഥലത്തേക്കത്തെിച്ചു. പക്ഷേ, മൂന്നാംനിലയിലേക്ക് കടക്കാനാകാതെ അധികൃതര്‍ വലഞ്ഞു. ഇതോടെ, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ‘പാന്തര്‍’ മെഗായൂനിറ്റ് കൊണ്ടുവന്ന് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, വെള്ളം തീര്‍ന്നതോടെ വീണ്ടും പ്രതിസന്ധിയായി.

ഇതിനിടെ ചില യൂനിറ്റുകള്‍ പത്മതീര്‍ഥക്കുളത്തില്‍ നിന്ന് വെള്ളമത്തെിച്ചെങ്കിലും പര്യാപ്തമായില്ല. മറ്റു യൂനിറ്റുകളില്‍ നിന്നും വാട്ടര്‍ടാങ്കില്‍ നിന്നും വെള്ളം പാന്തറിലേക്ക് മാറ്റി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. രാത്രി ഏറെ വൈകിയാണ് തീ പൂര്‍ണമായും കെടുത്തിയത്. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍, ടെക്നിക്കല്‍ ഡയറക്ടര്‍ പ്രസാദ്, തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, ഡി.സി.പി ശിവവിക്രം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.