Default title

09:24 am 26/9/2016
download (5)
നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും സൂത്രധാരനും അറസ്റ്റില്‍.അസ്ലമിനെ വധിക്കാനുപയോഗിച്ച ഇന്നോവ കാര്‍ ഡ്രൈവര്‍ കാവിലുമ്പാറ കുണ്ടുതോട് സ്വദേശി കുഞ്ഞിപറമ്പത്ത് കെ.പി. രാജീവന്‍ (42), കോടഞ്ചേരി വെള്ളൂര്‍ സ്വദേശി അമ്പലത്തുംതാഴെ കുനി ഷാജി (34) എന്നിവരെയാണ് നാദാപുരം സി.ഐ ജോഷി ജോസ് അറസ്റ്റ് ചെയ്തത്. അസ്ലം സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലക്ക് സാഹചര്യമൊരുക്കിയത് രാജീവനാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിലുള്‍പ്പെട്ടവര്‍ക്ക് ഫോണ്‍ വഴി നിര്‍ദേശം നല്‍കിയത് ഷാജിയാണ്.
ഇന്നോവ ഓടിക്കാന്‍ രാജീവനെ ഏര്‍പ്പാട് ചെയ്തതും പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയതും ഷാജിയുടെ നേതൃത്വത്തിലാണ്. നേരത്തെ വധിക്കപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍െറ പിതൃസഹോദരി പുത്രനാണ് ഷാജിയെന്ന് പൊലീസ് പറഞ്ഞു. തൊട്ടില്‍പാലത്ത് ടാക്സി ഡ്രൈവറായ രാജീവനെ രണ്ടാഴ്ചമുമ്പ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്നതിനിടെ കുറ്റ്യാടിയില്‍വെച്ച് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടുകയുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക്ഒൗട്ട് പുറപ്പെടുവിച്ചിരുന്നു. കക്കട്ടിലില്‍വെച്ചാണ് പ്രതികള്‍ അറസ്റ്റിലായത്. ഇതോടെ അസ്ലം വധക്കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ സി.പി.എം കാസര്‍കോട് ബംഗള ബ്രാഞ്ച് സെക്രട്ടറി അനിലിന് കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.