മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നൽകി.

12;55 pm 13/10/2016
download (9)

തിരുവനന്തപുരം: അഴിമതി-സ്വജന പക്ഷപാതങ്ങളിൽ കുരുങ്ങിയ വ്യവസായ മന്ത്രി ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നൽകിയതായി അറിയുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി നൽകിയതെന്നാണ് സൂചന. രാജി എപ്പോൾ പുറത്തു വിടണമെന്നതു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഒരു പക്ഷേ ഇന്നു തന്നെ ഉണ്ടായേക്കാം. അല്ലെങ്കിൽ വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചർച്ചക്കും കേന്ദ്ര നേതൃത്വവുമായി കൂടിയാലോചനക്കും ശേഷം പുറത്തുവിടാനാണ് സാധ്യത.

പൊതുമേഖലാ കമ്പനികളിൽ എം.ഡിമാരായി മന്ത്രിയുടെ അടുത്ത ബന്ധുക്കളെ നിയമിച്ചത് മാത്രമല്ല, മറ്റു നിയമനങ്ങളിൽ വലിയ തുക കോഴ വാങ്ങിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മന്ത്രിയുടെ അടുത്ത രണ്ടു ബന്ധുക്കളും മറ്റൊരാളും അടങ്ങിയ സംഘമാണ് നിയമനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ജയരാജന്റെ വകുപ്പുകളിൽ അസാധാരണ ഇടപെടലുകൾ ഈ മൂവർ സംഘം നടത്തി വരികയായിരുന്നു. റിയാബ് തയ്യാറാക്കിയ ലിസ്റ്റ് അവഗണിച്ചു ഒരു ഡസൻ സ്ഥാപനങ്ങളിൽ പിൻവാതിലിലൂടെയാണ് എം.ഡി നിയമനം നടത്തിയത്. നിലവിൽ എം.ഡിമാരായിരുന്നവർക്ക് അവിടെ തുടരാനും പണം വാങ്ങിയതായി റിപ്പോർട്ടുണ്ട്. നിയമനങ്ങൾ മുഴുവൻ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കു മന്ത്രിസഭ നിർദേശം നൽകി. റിപ്പോർട്ട് കിട്ടിയ ശേഷം കൃത്രിമം ബോധ്യപ്പെട്ടാൽ മുഴുവൻ നിയമനങ്ങളും റദ്ദാക്കും.

വിജിലൻസ് കേസിൽ പ്രതി ചേർക്കപ്പെടുന്നതിനു മുൻപ് സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരം എന്ന നിലയിലാണ് മുഖ്യമന്തി ജയരാജന്റെ രാജിക്കത്തു വാങ്ങിയത്. ജയരാജനെതിരായ പരാതിയിൽ നിയമാനുസൃതം മുന്നോട്ടു പോകാനാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ നിർദേശം. മുഖ്യമന്ത്രിയിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതിനാൽ ത്വരിത പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് വിജിലൻസിന്റെ നീക്കം.

അഴിമതി വിരുദ്ധ പ്രതിശ്ചായ ഉയർത്തി അധികാരത്തിൽ വന്ന സർക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്തു നിന്ന് ഉണ്ടായത് . മുഖ്യമന്ത്രിയുടെ അടുത്ത ആൾ എന്നറിയപ്പെട്ടിരുന്ന ജയരാജനോട് യാതൊരു സൗമനസ്യവും വേണ്ടെന്ന ഉറച്ച നിലപാടിലാണത്രേ പിണറായി വിജയൻ. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്നാണ് പാർട്ടി നേതൃത്വത്തിന്റെയും പൊതുനിലപാട്. മന്ത്രിസ്ഥാനം രാജി വെച്ചാലും ജയരാജനെതിരെ പാർട്ടി തല നടപടികൾ ഉണ്ടാകും. ജയരാജനെക്കൂടാതെ പി.കെ ശ്രീമതിയും അന്വേഷണം നേരിടേണ്ടി വരും.