ഗാസിയാബാദ്: 251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ വ്യവസായി മോഹിത് ഗോയലിനെ സാന്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അർധ രാത്രിയാണ് ഗാസിയാബാദ് പോലീസ് ഇയാളെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
അയാം എന്ന കന്പനിയുടെ ഉടമയായ അക്ഷയ് മൽഹോത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2015-ൽ മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിന് 30 ലക്ഷം രൂപ മോഹിതിന്‍റെ കന്പനിയായ റിംഗിംഗ് ബെൽസിന് നൽകിയെന്നാണ് പരാതി. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ കരാർ പ്രകാരമുള്ള ഒന്നും നൽകിയിട്ടില്ല. ഗോയൽ റിംഗിംഗ് ബെൽസിന്‍റെ എംഡിയായിരിക്കുന്പോഴാണ് കരാറുണ്ടാക്കിയതെന്നും അതിനാലാണ് ഇയാൾക്കെതിരേ പരാതി നൽകിയതെന്നും അക്ഷയ് മൽഹോത്ര പറഞ്ഞു. റിംഗിംഗ് ബെൽസ് കരാർ പ്രകാരം നൽകിയ ചില ഉപകരണങ്ങൾ നിലവാരം കുറഞ്ഞതാണെന്നും പരാതിയുണ്ട്.
കരാർ പ്രകാരമുള്ള ഫോണുകൾ ലഭിക്കാതെ വന്നതോടെ റിംഗിംഗ് ബെൽസിനോട് പണം തിരികെ ചോദിച്ചു. രണ്ടു ഗഡുക്കളായി 10 ലക്ഷം രൂപ മടക്കി നൽകി. നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും നൽകി. എന്നാൽ ശേഷിക്കുന്ന 16 ലക്ഷത്തോളം രൂപയോ കരാർ പ്രകാരം ഫോണോ നൽകാൻ കന്പനി തയാറാകുന്നില്ലെന്നാണ് പരാതി.
251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ എന്ന അത്ഭുത പ്രഖ്യാപനം നടത്തിയ കന്പനിയായ റിംഗിംഗ് ബെൽസിൽ നിന്നും അടുത്തിടെ എംഡി മോഹിത് രാജിവച്ചിരുന്നു.