സി.പി.ഐയുമായി ലയനം ഇപ്പോള്‍ അജണ്ടയിലില്ളെന്ന് വൃന്ദ കാരാട്ട്

09:07 am 12/12/2016
images (1)

ഹൈദരാബാദ്: സി.പി.ഐയുമായി ലയനം ഇപ്പോള്‍ അജണ്ടയിലില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ‘ഇടതുപാര്‍ട്ടികളുമായി, പ്രത്യേകിച്ച് സി.പി.ഐയുമായി അടുപ്പമേറിയതും ഐക്യത്തോടെയുമുള്ള ബന്ധമാണ് സി.പി.എം കാത്തുസൂക്ഷിക്കുന്നത്. ഐക്യ ഇടതുപക്ഷം എന്നത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതേസമയം കൂടിച്ചേരല്‍ എന്നത് കൊണ്ട് സി.പി.ഐ എന്താണ് ഉദ്ദേശിച്ചതെന്നറിയില്ല. ലയനമാണെങ്കില്‍ അത് ഞങ്ങളുടെ അജണ്ടയിലില്ല‘-വാര്‍ത്ത ഏജന്‍സിയോട് വൃന്ദ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള ഇടത് കക്ഷികള്‍ ഒന്നിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി ഈയിടെ പ്രസ്താവിച്ചിരുന്നു.
പാര്‍ട്ടികളെ വിവരാവകാശ നിയമ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരായ നിലപാട് വൃന്ദ ആവര്‍ത്തിച്ചു. ഇത് പാര്‍ട്ടികളുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാനും ചാരപ്പണി നടത്താനും സര്‍ക്കാറിന് അവസരം നല്‍കും. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.