ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകിയ മലയാളി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ

08:47 am 16/2/2017
download

ന്യൂഡൽഹി: ആഗോള ഭീകരസംഘടനയായ ഐഎസിന്‍റെ പ്രവർത്തനങ്ങൾക്കു സഹായം നൽകിയ മലയാളി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദീൻ പാറക്കടവത്താണ് അറസ്റ്റിലായത്. അബുദാബിയിൽനിന്ന് ഡൽഹി ഇന്ദിഗാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൊയ്നുദീനെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ഇയാൾ ഡൽഹിയിലെത്തിയത്.

ഒമർ അൽ ഹിന്ദി ഐഎസ് മൊഡ്യൂളിൽ സഹായം ചെയ്തിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി എൻഐഎ അറിയിച്ചു. ഇതിനുശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവർഷം ഒക്ടോബറിൽ കണ്ണൂരിലെ കനകമലയിൽനിന്ന് ഐഎസ് ബന്ധമുള്ള അഞ്ചു യുവാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ശേഖരിച്ച് നഗരങ്ങൾ ആക്രമിക്കാനും സുപ്രധാന വ്യക്തികളെ വകവരുത്താനുമായിരുന്നു ഇവരുടെ ഉദ്ദേശമെന്നും ഐഎസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ സ്ഫോടനം നടത്താൻ ശ്രമിച്ചെന്നും അന്ന് എൻഎഐ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൊയ്നുദീൻ അറസ്റ്റിലാകുന്നത്.

കേസുമായി ബന്ധപ്പെട്ട് മുന്പ് അറസ്റ്റിലായവർ വിദേശത്തുള്ള ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍റർനെറ്റ് ബാങ്കിംഗിലൂടെ ബന്ധപ്പെട്ടതിന്‍റെ തെളിവും എൻഐഎക്ക് ലഭിച്ചു.