ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് 24 മണിക്കുറിനുള്ളില്‍ സ്ഥലം വിടാന്‍ ഉത്തരവ്; ഒടുവില്‍ 90 ദിവസത്തെ സാവകാശം

09:05 am 2/4/2017

– പി.പി. ചെറിയാന്‍


ഹ്യൂസ്റ്റണ്‍: പതിനഞ്ചു വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ നിയമപരമായി സേവനം അനുഷ്ടിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരായ പങ്കജ്, ഭാര്യ മോണിക്ക എന്നിവരോട് 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിടണമെന്ന് ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഡോ പങ്കജിന്റെ പിതാവിനെ കാണുന്നതിന്‍ ഇന്ത്യയില്‍ പോയി തിരിച്ചു വരുന്നതിനിടെ ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ഡോ പങ്കജിനെ തടഞ്ഞു. യാത്രാരേഖകളുടെ കാലാവധി ജൂണില്‍ അവസാനിച്ചു എന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ രണ്ടു വര്‍ഷത്തേക്ക് ഉണ്ടെന്നാണ് ഇവരുടെ വാദം. മാര്‍ച്ച് 30ന് ഒരു പത്രസമ്മേളനത്തിലാണ് ഡോക്ടര്‍മാര്‍ ഈ സംഭവം വിവരിച്ചത്.

2002 മുതല്‍ നിയമപരമായി ഗവേഷണത്തിനും, മെഡിക്കല്‍ റസിഡന്റസിക്കുമായി ഇരുവരും ഇവിടെ എത്തിയത്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റി, ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

ഡോ പങ്കജിനും, മോണിക്കാക്കും രണ്ടു വര്‍ഷം കൂടുമ്പോള്‍ വര്‍ക്ക് ഓതറൈസേഷനും, യാത്രാരേഖകളും പുതുക്കേണ്ടതുണ്ട്. ഗ്രീന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് ഇമ്മിഗ്രേഷന്‍ വകുപ്പിന്റെ ഭാഷ്യം എന്നാല്‍ പുതിയ ഇമ്മിഗ്രേഷന്‍ നിയമം ട്രംമ്പ് ഗവണ്‍മെന്റ് കര്‍ശനമാക്കിയതോടെയാണ് പുതിയ പ്രശ്‌നങ്ങള്‍ തലയുയര്‍ത്തിയത്. ഹ്യുസ്റ്റണില്‍ പ്രമുഖ ഡോക്ടര്‍മാരായി സേവനം അനുഷ്ടിക്കുന്ന ദമ്പതിമാര്‍ക്ക് ഇവിടെ ജനിച്ച റാള്‍ഫ് (7), സൂനി (4) എന്നീ രണ്ട് കുട്ടികള്‍ ഉണ്ട്. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇരുവര്‍ക്കും 90 ദിവസത്തെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.