600 കോടി കെട്ടിയില്ലെങ്കിൽ ജയിലിൽ പോകും; സുബ്രതോയോടു സുപ്രീം കോടതി

12.23 AM 13/10/2017
roy_2811
ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് സെബിയിൽ കെട്ടിവയ്ക്കേണ്ട 600 കോടി രൂപ കെട്ടിവയ്ക്കാനാകില്ലെങ്കിൽ ജയിലിൽ പോകാനൊരുങ്ങിക്കോളാൻ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയോടു സുപ്രീം കോടതി. സെബിയിൽ തുക കെട്ടിവയ്ക്കാനുള്ള ഫെബുവരി ആറ് എന്ന കാലാവധി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രതോ റോയി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇക്കാര്യത്തിൽ ആവശ്യത്തിലധികം സമയം നൽകിയിട്ടുണ്ടെന്നും ഇനിയും സമയം അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

24,000 കോടിയുടെ നിക്ഷേപ തട്ടിപ്പു കേസിൽ സെബി നിർദേശിച്ച തുക കെട്ടിവയ്ക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ സുബ്രതോ റോയിയെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലാക്കിയിരുന്നു. ഇതിനു പിന്നാലെ അമ്മയുടെ മരണത്തെ തുടർന്നു സുപ്രീം കോടതി പരോൾ അനുവദിച്ചെങ്കിലും ഇടക്കാല ഗഡു അടയ്ക്കണമെന്ന ഉപാധിയുടെ അടിസ്‌ഥാനത്തിൽ പരോൾ നീട്ടിനൽകുകയായിരുന്നു.