ന്യുഡല്‍ഹി: ഇ കൊമേഴ്സ് ഭീമന്മാരായ സ്നാപ്ഡീലിനെ മുട്ടുകുത്തിച്ച് വിദ്യാര്‍ത്ഥി വെറും 68 രൂപയ്ക്ക് ഐ ഫോണ്‍ 5 എസ് സ്വന്തമാക്കി. പഞ്ചാബ് യുണിവേഴ്സിറ്റിയില്‍ ബി.ടെക് വിദ്യാര്‍ത്ഥിയായ നിഖില്‍ ബന്‍സാലാണ് സ്നാപ്ഡീലിനെ മുട്ടുകുത്തിച്ചത്. ഫെബ്രുവരി 12ന് ഐ ഫോണ്‍ 5 എസിന് 99.7 ശതമാനം ഡിസ്കൗണ്ട് എന്ന് സ്നാപ്ഡീലില് പരസ്യം ശ്രദ്ധയില്‍പ്പെട്ടു.
ഉടന്‍ തന്നെ ബന്‍സാല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ സാങ്കേതികമായി സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി 99.7 ശതമാനം വിലക്കിഴിവ് നല്‍കില്ലെന്ന് സ്നാപ്ഡീല്‍ വ്യക്തമാക്കി. അതേസമയം സ്നാപ്ഡീലിന്റെ വാദം അംഗീകരിക്കാന്‍ ബന്‍സാല്‍ തയ്യാറായില്ല.
ബന്‍സാല്‍ സ്നാപ്ഡീലിനെതിരെ സംഗ്റൂര്‍ ജില്ലയിലെ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്കി. പരാതിയില്‍ ബന്‍സാലിന് അനുകൂലമായി കോടതി വിധിക്കുകയും ചെയ്തു. 68 രൂപയ്ക്ക് ബന്‍സാലിന് ഫോണ്‍ കൊടുക്കണമെന്ന് വിധിച്ച കോടതി 2000 നഷ്ടപരിഹാരം കൊടുക്കാനും ഉത്തരവിട്ടു. കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്നാപ്ഡീല്‍ മേല്‍ക്കോടതിയെ സമീച്ചെങ്കിലും പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു മേല്‍ക്കോടതി ഉത്തരവ്.