11:41 am 25/12/2016
മോസ്കോ: 92 യാത്രക്കാരുമായി കാണാതായ റഷ്യൻ സൈനിക വിമാനം തകർന്നതായി സ്ഥിരീകരിച്ചു. തകർന്ന വിമാനത്തിൻറെ അവശിഷ്ടങ്ങൾ കരിങ്കടലിൽ നിന്ന് റഷ്യൻ രക്ഷാസേനയുടെ ഹെലികോപ്റ്ററുകൾ കണ്ടെത്തി. സോചിയിലെ കരിങ്കടൽ തീരത്ത് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിലാണ് വിമാനത്തിൻെറ ഭാഗങ്ങൾ ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അപകടത്തെ അതിജീവിച്ച ആരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ടി.യു 154 എന്ന വിമാനമാണ് കാണാതായത്. റഷ്യയിലെ സോച്ചിയിലെ ബ്ലാക്ക് സീ റിസോർട്ടിൽ നിന്ന് സിറിയയിലെ ലതാക്കായിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം ടേക്ക് ഒാഫ് ചെയ്ത് ഇരുപത് മിനിറ്റിനകം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോസ്കോ സമയം രാവിലെ 5:40നാണ് വിമാനവുമായുള്ള ബന്ധം ഇല്ലാതായത്. റഷ്യൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്.
84 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സൈനികർക്ക് പുറമേ ഒമ്പത് പത്രപ്രവർത്തകർ, റഷ്യൻ സൈന്യത്തിലെ കരോൾ സംഘം എന്നിവരും വിമാനത്തിലുണ്ടായിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. സിറിയയിലെ ലതാക്കിയക്കടുത്ത റഷ്യൻ സൈനിക ബേസ് ഖമീമിലേക്കായിരുന്നു പുതുവർഷ ആഘോഷങ്ങൾക്കായി വിമാനം പുറപ്പെട്ടത്. റഷ്യൻ സൈന്യത്തിൻെറ ഒൗദ്യോഗിക ബാൻഡ് സംഘമായ അലക്സെന്ദ്രാവോ എൻസെമ്പിൾ ക്വയറിലെ അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്.
മൂന്നു എഞ്ചിനുകളുള്ള മീഡിയം റേഞ്ച് ട്രാൻസ്പോർട്ട് വിമാനം ആണ് ടി.യു 154. 180 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഇത്തരത്തിലുള്ള 50 വിമാനങ്ങൾ റഷ്യൻ വ്യോമസേനക്കുണ്ട്. പ്രസിഡൻറ് വ്ലാദമിർ പുടിൻ അടക്കമുള്ളവരുമായി തെരച്ചിൽ നടപടികൾ സൈനിക നേതൃത്വം വിഡിയോ കോൺഫറൻസിലൂടെ പങ്കുവെക്കുന്നുണ്ട്.