ഭീകരവാദത്തിനെതിരെ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റൈസ്

10:17 am 29/9/2016

images (16)
വാഷിങ്ടൺ: ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നയതന്ത്ര യുദ്ധം മുറുകുന്നതിനിടെ ആക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ്. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സൂസൻ റൈസ് ഇക്കാര്യം ഫോണിലൂടെ ചർച്ച ചെയ്തു.
തീവ്രവാദ ഗ്രൂപ്പുകളായ ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള സംഘങ്ങളുടെ പ്രവർത്തനം പാകിസ്താൻ തടയണമെന്നും ഇതിനായി പാക് സർക്കാർ തക്കതായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അവർ അറിയിച്ചു. ലോകത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ റൈസ് ഒാർമ്മിപ്പിച്ചു. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ പ്രതിബദ്ധതയെ സൂസൻ റൈസ് പ്രശംസിച്ചു.