യു.എസില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു

10:18 am 29/09/2016
images (17)
ലോസ് ആഞ്ജലസ്: കറുത്തവര്‍ഗക്കാര്‍ക്കുനേരെ യു.എസ് പൊലീസ് അതിക്രമം വീണ്ടും. ചൊവ്വാഴ്ച കാലിഫോര്‍ണിയയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആല്‍ഫ്രഡ് ഒലാങ്കോ എന്ന 30 കാരനെയാണ് സഹോദരിയുടെ മുന്നില്‍വെച്ച് പൊലീസ് വെടിവെച്ചുകൊന്നത്. ഇതോടെ, യു.എസില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന കറുത്തവര്‍ഗക്കാരുടെ എണ്ണം അഞ്ചായി. കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലാണ് നിരായുധനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കറുത്തവര്‍ഗക്കാരുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മാനസികനില തെറ്റിയ യുവാവിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹോദരിയാണ് ഷോപ്പിങ് മാളില്‍നിന്നും പൊലീസിനെ വിളിച്ചത്. സ്ഥലത്തത്തെിയ പൊലീസ് യുവാവിനെ അകാരണമായി വെടിവെക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞു. യുവാവ് പൊലീസിനെ ആക്രമിക്കാനെന്ന ഭാവത്തില്‍ ഒരു വസ്തു ചൂണ്ടിയതാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷം യു.എസില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന 217ാ മത്തെ കറുത്തവര്‍ഗക്കാരനാണ് ആല്‍ഫ്രഡ് ഒലാങ്കോ.