കേരളത്തില്‍ തെരുവുനായ്‌ക്കളെ കൊന്ന് ആഘോഷിക്കുകയാണോയെന്ന് സുപ്രീംകോടതി.

10;36 am 5/10/2016
images (4)

തെരുവുനായ്‌ക്കളെ കൊന്ന് പ്രകടനം നടത്തിയവര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് വിശദീകരിക്കാന്‍ കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തെരുവുനായ ശല്ല്യം മറികടക്കേണ്ടത് നിയമപ്രകാരമാണെന്നും കോടതി വ്യക്തമാക്കി.
കേരളത്തില്‍ രണ്ട് ജില്ലകളില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ 669 തെരുവ് നായ്‌ക്കളെയാണ് കൊന്നൊടുക്കിയതെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയില്‍ അറിയിച്ചു. തെരുവ് നായ്‌ക്കളെ കൊന്ന് ചില സംഘടനകള്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങളും മൃഗസംരക്ഷണ ബോര്‍ഡ് കോടതിയില്‍ നല്‍കി. ഇതോടെയാണ് കേരളത്തില്‍ തെരുവുനായ്‌ക്കളെ കൊന്ന് ആഘോഷമാണോ നടക്കുന്നത് എന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ഇതൊരിക്കലും അനുവദിക്കാന്‍ സാധിക്കില്ല. തെരുവുനായ ശല്ല്യം ഒഴിവാക്കാന്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. അതല്ലാതെ ഇതുപോലെ ആഘോഷം നടത്തുന്നവര്‍ക്കെതിരെ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
തെരുവ്നായ്‌ക്കളെ കൊന്ന് പ്രകടനം നടത്തിയവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചു. തെരുവ്നായ ശല്ല്യം എങ്ങനെ ശാസ്‌ത്രീയമായി മറികടക്കാം എന്നതിനെക്കുറിച്ച് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനോടും കോടതി മറുപടി ആവശ്യപ്പെട്ടു.