സൈനികരെ പരിഹസിച്ച ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ പൊലീസില്‍ പരാതി.

10:34 am 5/10/2016
images (3)

മുംബൈ: ചാനല്‍ സംവാദത്തിനിടെ സൈനികരെ പരിഹസിച്ച ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ പൊലീസില്‍ പരാതി. പരാതി ലഭിച്ചതായും എന്നാല്‍ കേസെടുത്തിട്ടില്ളെന്നും അന്തേരി പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ പണ്ഡിറ്റ് ശങ്കര്‍ പറഞ്ഞു. ഉറി ഭീകരാക്രമണത്തിന്‍െറയും പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്‍െറയും പശ്ചാത്തലത്തില്‍ പാക് നടന്മാരെ ബോളിവുഡില്‍ വിലക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കെതിരെ ഓംപുരി പ്രതികരിച്ചത്.

ആരാണ് അവരോട് സൈന്യത്തില്‍ ചേരാനും ആയുധമെടുക്കാനും ആവശ്യപ്പെട്ടതെന്ന ചോദ്യമാണ് വിവാദമായത്. പാക് കലാകാരന്മാര്‍ക്കുള്ള വിലക്കിനെ വിമര്‍ശിച്ച ഓംപുരി ഇന്ത്യ-പാക് ബന്ധം ഫലസ്തീന്‍-ഇസ്രായേല്‍ ശത്രുതപോലെ ആയിത്തീരുകയും ആജീവനാന്തം പോരടിക്കുകയുമാണോ വേണ്ടതെന്ന് ചോദിച്ചു.
ചാനല്‍ ചര്‍ച്ച പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശമാണ് ഓംപുരിക്കെതിരെ ഉണ്ടായത്.

പാക് നടന്മാരെ വിലക്കിയതിനെ വിമര്‍ശിച്ച നിലപാടിനെ പിന്തുണച്ച പലരും സൈനികര്‍ക്കെതിരെയുള്ള പരിഹാസത്തില്‍ പ്രതിഷേധിച്ചു. വിവാദമായതോടെ സൈനികരോടും കുടുംബത്തോടും ക്ഷമചോദിച്ച ഓംപുരി എന്തു ശിക്ഷ ഏറ്റുവാങ്ങാനും തയാറാണെന്നും പറഞ്ഞു. സൈനികരെക്കുറിച്ച പ്രസ്താവം തന്നെ വേദനിപ്പിച്ചുവെന്ന് നടന്‍ അനുപം ഖേര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.