ഐഎസിന്റെ മുന്‍ ലൈംഗീക അടിമകള്‍ക്ക് യൂറോപ്പ് മനുഷ്യാവകാശ പുരസ്‌കാരം

10.46 PM 27/10/2016
Nadia_Murad_271016
ബ്രസല്‍സ്: ഐഎസിന്റെ മുന്‍ ലൈംഗീക അടിമകളായിരുന്ന വനിതകള്‍ക്ക് ഇത്തവണത്തെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌കാരം. യൂറോപ്പിലെ പ്രധാന മനുഷ്യാവകാശ പുരസ്‌കാരമായ സഖാറോവ് പുരസ്‌കാരത്തിന് യസീദികളായ നാദിയ മുറാദ്, ലാമിയ അജി ബഷാര്‍ എന്നിവരാണ് അര്‍ഹരായത്. നാദിയയും ലാമിയയും ഉള്‍പ്പെടെ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ 2014 ല്‍ ഐഎസ് തട്ടിക്കൊണ്ടുപോകുകയും ലൈംഗീക അടിമകളാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐഎസില്‍നിന്ന് രക്ഷപെട്ട ഇരുവരും യസീദി വിഭാഗത്തിനിടയില്‍ മനുഷ്യാവകശ പ്രവര്‍ത്തനം നടത്തിവരികയാണ്.

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനു, 1975 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആന്ദ്രെ സഖാറോവ് എന്ന റഷ്യന്‍ ഭൗതീകശാസ്ത്രഞ്ജന്റെ പേരില്‍ 1988 ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തുടങ്ങിയതാണ് സഖാറോവ് പുരസ്‌കാരം. മാനുഷിക അവകാശങ്ങള്‍ക്കും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് പുരസ്‌കാരം. ഏകദേശം 50,000 യുറോ ആണ് സമ്മാനത്തുക.