കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചവർ ‘ചികിത്സ’ ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടർ

02.20 AM 04/11/2016
prasant_0311
കോഴിക്കോട്: അഞ്ച് ബാങ്ക് വിളിക്കു ശേഷമെ നവജാത ശിശുവിന് പാൽകൊടുക്കാൻ പാടുള്ളുവെന്ന് പറഞ്ഞ് മുലപ്പാൽ കൊടുക്കുന്നത് തടഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോഴിക്കോട് കളക്ടർ എൻ.പ്രശാന്ത്. നവജാത ശിശുവിനെ പട്ടിണിക്കിടാൻ ഒരു മതവും പറയുമെന്ന് കരുതുന്നില്ലെന്നും കുഞ്ഞിന് പാൽ നൽകരുതെന്ന് വാശിപിടിച്ച യുവാവും, ഇയാളെ പ്രേരിപ്പിച്ചയാളും നല്ല ‘ചികിൽസ’ ആവശ്യമുള്ളവരാണെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ നടപടിക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം. അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാൻ ഒരു മതവും പറയുമെന്ന് കരുതാൻ വയ്യ. പിറന്നുവീണ കുഞ്ഞിന് പാൽ നൽകരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല ‘ചികിൽസ’ ആവശ്യമുള്ളവരാണെന്നതിൽ സംശയമില്ല.

നവജാതശിശുവിന് വേണ്ട പരിചരണവും മുലപ്പാലും നൽകാത്ത വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുറ്റക്കാരയവർക്കെതിരെ ശക്‌തമായ നടപടിയെടുക്കാനും പിഞ്ചുകുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാനും പോലീസിനും ബന്ധപ്പെട്ടവർക്കും നിർദ്ദേശം നൽകിയിരുന്നു. നിയമപരമായ നടപടികളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ സത്വരമായി ഇടപെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ തന്നെ കുഞ്ഞിന് മുലപ്പാൽ നൽകാനും കുഞ്ഞിന്റെ ജീവൻ നിലനിർത്താനും വേണ്ട കർശനമായ നടപടികൾ സ്വീകരിച്ച താമരശേരി ഡിവൈഎസ്പിക്കും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും വിഷയം പൊതുജന ശ്രദ്ധയിലെത്തിക്കാനുള്ള മാധ്യമ ജാഗ്രതയ്ക്കും അഭിനന്ദനങ്ങൾ. ചുറ്റുപാടും നടക്കുന്ന ഇത്തരം കാര്യങ്ങൾ നമ്മളെ ചിന്തിപ്പിക്കണം, നമ്മളെങ്ങോട്ടാണ് പോകുന്നതെന്ന്.