കിളിമാനൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍

01.31 AM 08/11/2016
Fake_Doctor_Kilimanur_760x400
തിരുവനന്തപുരം: കിളിമാനൂര്‍ ചുള്ളിമാനൂരില്‍ വ്യാജ ഡോക്ടറെ പിടികൂടി. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജന്‍ പിടിയിലായത്. ഡോക്ടറെന്ന വ്യാജേന രോഗികളെ ചികില്‍സിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്ത മാര്‍ത്താണ്ഡം സ്വദേശി സത്യറജിയാണ് പിടിയിലായത് . കിളിമാനൂര്‍ ചുള്ളിമാനൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് മിഷന്‍ ആശുപത്രിയിലായിരുന്നു വ്യാജന്റെ ചികില്‍സ.
ആറുമാസമായി ഇയാളിവിടെ ചികില്‍സ തുടങ്ങിയിട്ട്. ഇയാള്‍ക്ക് മെഡിക്കല്‍ ബിരുദമോ മരുന്നുകള്‍ വില്‍ക്കാനുള്ള ലൈസന്‍സോ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. രോഗികളെ ചികില്‍സിക്കുക മാത്രമല്ല അലോപ്പതി മരുന്നുകള്‍ നിര്‍ദേശിക്കുകയും നല്‍കുകയും ചെയ്തിരുന്നു. മരുന്നുകളടക്കമാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം ഇയാളെ പിടികൂടിയത്.
തമി‍ഴ്നാട്ടില്‍ നിന്നാണ് മരുന്നുകളെത്തിക്കുന്നതെന്ന് സത്യറെജി മൊ‍ഴി നല്‍കിയിട്ടുണ്ട്. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് നിയമം അനുസരിച്ചാണ് കേസ് . അഞ്ചുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ശിക്ഷയാണിത്. അസിസ്റ്റന്‍റ് ഡ്രഗ്സ് കണ്‍ട്രോളര്‍ പികെ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് മാത്യു, അജി, സ്മിത എന്നിവരടങ്ങിയ സംഘമാണ് വ്യാജനെ പിടികൂടിയത്.