ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം അനുവദിച്ചേക്കും

01.32 AM 08/11/2016
Hajr-Al-Aswad_760x400
ജിദ്ദ: മക്കയില്‍ ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം അനുവദിക്കുന്ന കാര്യം പരിഗണനയില്‍. സൗദി ശൂറാ കൌണ്‍സില്‍ ഇത് സംബന്ധമായി ചര്‍ച്ച ചെയ്യും. മക്കയില്‍ വിശുദ്ധ കഅബയില്‍ സ്ഥാപിച്ച ഹജറുല്‍ അസ്വദ് എന്ന ശിലയില്‍ ചുംബിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യകര്‍മമാണ്. എന്നാല്‍ വിശ്വാസികളുടെ തിരക്ക് കാരണം പലര്‍ക്കും ഹജറുല്‍ അസ്വദിന് അടുത്തെത്താന്‍ പോലും പലപ്പോഴും സാധിക്കാറില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.
ഇതിനു പരിഹാരം കാണണമെന്ന് സൗദി ശൂറാ കൌണ്‍സിലിലെ വനിതാ അംഗം ഡോ.മൌദ അദ്ദുഗയ്സിര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ശൂറാ കൌണ്‍സിലിലെ ഇസ്ലാമിക കാര്യ സമിതി ഇതുസംബന്ധമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. വിഷയം കൌണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിടും. ശൂറാ കൌണ്‍സില്‍ പൊതുസഭയില്‍ അനുകൂലമായ തീരുമാനമുണ്ടായാല്‍ സ്ത്രീകള്‍ക്ക് തിരക്കില്ലാതെയും പുരുഷന്മാരുമായി ഇടകലരാതെയും ഹജറുല്‍ അസ്വദ് ചുംബിക്കാനുള്ള അവസരം ലഭിക്കും.
രണ്ടു മണിക്കൂര്‍ വീതം മൂന്നു നേരം അതായത് ദിവസം ആറു മണിക്കൂര്‍ സ്ത്രീകള്‍ക്ക് മാത്രമായി നീക്കി വെക്കാനാണ് ആലോചിക്കുന്നത്. ഇതിനു പുറമേ സ്ത്രീകള്‍ക്ക് അനായാസം കഅബയെ പ്രദിക്ഷണം വെയ്ക്കുന്ന തവാഫ് നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണനയില്‍ ആണെന്നാണ്‌ സൂചന.