സൗദി ജനസംഖ്യയില്‍ പ്രതിവര്‍ഷം രണ്ടര ശതമാനം വര്‍ധന

01.33 AM 08/11/2016
saudi_760x400
ജിദ്ദ: സൗദിയില്‍ ജനസംഖ്യ ഓരോ വര്‍ഷവും രണ്ടര ശതമാനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് മുപ്പത്തിയേഴ് ശതമാനവും വിദേശികളാണ്. മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അധിവസിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ സൗദി ജനസംഖ്യ 16.54 ശതമാനം വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ്‌ പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് അഞ്ചു മാസം മുമ്പ് നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2010-ല്‍ 2,72,36,156 ആയിരുന്ന ജനസംഖ്യ ഇപ്പോള്‍ 3,17,42,308-ത്തില്‍ എത്തി നില്‍ക്കുന്നു. ഇതില്‍ 57.44 ശതമാനം പുരുഷന്മാരാണ്. ഓരോ വര്‍ഷവും ജനസംഖ്യ 2.54 ശതമാനം കൂടി വരുന്നു. 2,00,64,970 പേര്‍ അതായത് ജനസംഖ്യയുടെ 63.2 ശതമാനവും സ്വദേശികളാണ്. 3.2 ശതമാനം മാത്രമാണ് അറുപത്തിയഞ്ച്‌ വയസിനു മുകളില്‍ പ്രായമുള്ളവര്‍. ഇരുപത്തിയഞ്ച് ശതമാനം പതിനഞ്ചു വയസിനു താഴെ പ്രായമുള്ളവരാണ്. നൂറ്റിനാല് പുരുഷന്മാര്‍ക്ക് നൂറു സ്ത്രീകള്‍ എന്ന തോതിലാണ് സൌദികള്‍ക്കിടയിലെ കണക്ക്.
രാജ്യത്തെ വിദേശികള്‍ക്കിടയില്‍ ഇത് 218 പുരുഷന്‍മാര്‍ക്ക് നൂറു സ്ത്രീകള്‍ എന്ന തോതിലാണ്. 1,16,77,338 വിദേശികള്‍ സൗദിയില്‍ ഉള്ളതായാണ് സര്‍വേ റിപ്പോര്‍ട്ട്. അതായത് രാജ്യത്ത് 36.8 ശതമാനവും വിദേശികളാണ്. ജിദ്ദ ഉള്‍ക്കൊള്ളുന്ന മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്ളത്. എണ്‍പത്തി മൂന്നു ലക്ഷം. റിയാദ് പ്രവിശ്യയില്‍ എണ്‍പത് ലക്ഷവും ദമാം ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ പ്രവിശ്യയില്‍ നാല്‍പത്തിയെട്ടു ലക്ഷവുമാണ് ജനസംഖ്യ.