03.48 PM 03/12/2016

ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ ശുഭാരംഭവും, രജിസ്ട്രേഷനും, ഭക്തിഗാനസന്ധ്യയും നിര്‍മ്മാല്യം പ്രാര്‍ത്ഥനാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാഷ്വില്ലില്‍ നടന്നു.
കുമാരി കല്യാണിയുടെ ഗണേശ സ്തുതിയോടെ ആരംഭിച്ച ഹൈന്ദവ കുടുംബസംഗമത്തില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, കണ്വന്ഷന് ചെയര്മാന് രാജേഷ് നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കഴിഞ്ഞ ഒന്നര ദശകമായി ഹൈന്ദവ ധര്‍മ്മത്തിന്റെ പ്രചാരണാര്‍ത്ഥം വടക്കേ അമേരിക്കയിലും കേരളത്തിലും സംഘടന മുന്നോട്ടു വെയ്ക്കുന്ന വിശ്വ സാഹോദര്യത്തിന്റെ വിശാല ലക്ഷ്യങ്ങളും, പ്രവര്‍ത്തനപരിപാടികളും ആമുഖ പ്രസംഗത്തിലൂടെ സുരേന്ദ്രന് നായര്‍ വിശദമായി പ്രതിപാദിച്ചു. ആദ്ധ്യാത്മികതയും, സാമൂഹിക പ്രതിബദ്ധതയും, കലാസാഹിത്യ വിരുന്നുകളും, വിദ്യാഭ്യാസ- തൊഴിലധിഷ്ഠിത സെമിനാറുകളും ഉള്‍ക്കൊള്ളുന്ന നാലു ദിവസത്തെ കാര്യപരിപാടികള്‍ രാജേഷ് നായര്‍ വിശദീകരിച്ചു. കേരളീയതയും ഹൈന്ദവ ജീവിതാനുഭവങ്ങളും പുന:ര്ജനിക്കുന്ന ഹൈന്ദവ സമ്മേളനം ഇതര കൂട്ടായ്മകളില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുമെന്നു രാജേഷ് കുട്ടി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
നിര്‍മ്മാല്യം പ്രാര്‍ത്ഥനാ സംഘത്തിന്റെ അധ്യക്ഷന്‍ ഗോപിനാഥ്, സൂരജ് മേനോന്, മനോജ് നായര്‍ എന്നിവര്‍ നേതൃത്വം നല്കി സംഘടിപ്പിച്ച കുടുംബ സംഗമം ഡിട്രോയിറ്റ് ഹിന്ദു സംഗമത്തിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ടെന്നസിയില്‍ നിന്നു പരമാവധി കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. സതീശന് നായര്‍ അറിയിച്ചതാണിത്.
