04.14 PM 03/12/2016
വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി. ഫോണിലൂടെയാണ് ട്രംപ് സായി ഇങ് വെന്നുമായി ചർച്ച നടത്തിയത്. സുരക്ഷ–സാമ്പത്തിക–രാഷ്ട്രീയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്തുവെന്നാണ് വിവരം.
1979ൽ ചൈനയുമായുള്ള സഹകരണം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് തായ് വാനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ട്രംപിന്റെ വിജയത്തെ സായി ഇങ് വെൻ അഭിനന്ദിച്ചുവെന്ന് യുഎസ് പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തായ് വാന്റെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് സായി ഇങ് വെൻ.
ഇരുവരും തമ്മിലുള്ള ചർച്ച യുഎസ്–ചൈന ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തില്ലെന്നും രാജ്യത്തിന്റെ വിദേശ നയങ്ങളിലടക്കം മാറ്റം വരുത്താൻ നിയുക്ത പ്രസിഡന്റിനു അധികാരമുണ്ടെന്നും ട്രംപിനോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.