മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചു; റിലയൻസിനു 500 രൂപ പിഴ

04.16 PM 03/12/2016
relaincegio_03012016
ന്യൂഡൽഹി: റിലയൻസ് ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചുവെന്ന കുറ്റത്തിനു റിലയൻസിനു 500 രൂപ പിഴ. അച്ചടി–ദൃശ്യമാധ്യമങ്ങളിലാണ് കമ്പനി പരസ്യത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്.

അനുവാദമില്ലാതെ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള 1950ലെ നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് പിഴ ചുമത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് റിലയൻസ് അധികൃതർ പ്രതികരിക്കാൻ തയാറായില്ല.

നേരത്തെ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രം പരസ്യമായി കമ്പനി ഉപയോഗിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കിയിരുന്നു. അതേസമയം, അനുമതി ഇല്ലായിരുന്നുവെങ്കിലും ചിത്രം പരസ്യത്തിൽ ഉപയോഗിക്കുന്നതു സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന് വാർത്താവിതരണ സഹമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് പാർലമെന്റിൽ അറിയിച്ചിരുന്നു.

രാജ്യസഭയിൽ സമാജ്വാദി പാർട്ടിയുടെ നീരജ് ശേഖറിന്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു റാത്തോഡ് ഇക്കാര്യം വ്യക്‌തമാക്കിയത്.