യുഎസ് വനിത ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായതായി പരാതി

04.20 PM 03/12/2016
rapenew_03012016
രാജ്യത്തിനു നാണക്കേടായി വീണ്ടും പീഡനവാർത്ത. യുഎസ് വനിത രാജ്യതലസ്‌ഥാനത്തുവച്ച് കൂട്ടമാനഭംഗത്തിനിരയായെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; 2016 മാർച്ചിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ യുവതി ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് മുറിയെടുത്തത്. ഹോട്ടൽ അധികൃതരാണ് യുവതിക്ക് ടൂറിസ്റ്റ് ഗൈഡിനെ ഏർപ്പാടക്കി നൽകിയത്.

ആദ്യ ദിനം നഗരത്തിലെ വിവിധ സ്‌ഥലങ്ങൾ യുവതി ഗൈഡിനൊപ്പം സഞ്ചരിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം സുഹൃത്തുക്കളുമായി മുറിയിലെത്തിയ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറി. ഇതിനു ശേഷം ഇവർ സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യവിട്ട പെൺകുട്ടി പിന്നീട് അമേരിക്കയിലേക്ക് മടങ്ങി.

ഡൽഹി പോലീസിനു ഇ–മെയിൽ വഴി അയച്ച പരാതിയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിൽ മടങ്ങിയെത്തിയ താൻ ഒരു നിയമജ്‌ഞന്റെ നിർദേശപ്രകാരമാണ് ഇപ്പോൾ പരാതി നൽകുന്നതെന്നും ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്നും യുവതി വ്യക്‌തമാക്കി.

യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ഗൈഡിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.