11.33 PM 03/12/2016
ജിന്ദ്(ഹരിയാന): ശമ്പള ദിവസങ്ങളായതോടെ നോട്ട് നിരോധനം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നമായി വളർന്നു. ഹരിയാനയിലെ ജിന്ദിൽ പണം ലഭിക്കാതെവന്നതോടെ നാട്ടുകാർ ബാങ്ക് ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. വെള്ളിയാഴ്ച ദാരുണി ഗ്രാമത്തിലെ ഓറിയന്റൽ ബാങ്കിലായിരുന്നു സംഭവം.
പണം എടുക്കാൻ എത്തിയവർക്ക് ബാങ്കിൽനിന്നും 2000 രൂപ മാത്രമാണ് ലഭിച്ചത്. അതും അഞ്ചു മണിക്കൂറുകൾവരെ വരിനിന്നശേഷവും. എന്നാൽ ബാങ്ക് മാനേജർ തന്റെ ഇഷ്ടക്കാർക്ക് പണം യഥേഷ്ടം നൽകുകയും ചെയ്തു. ഇവരുടെ പഴയ 500, 1000 രൂപ നോട്ടുകൾ മാറ്റിനൽകുകയും ചെയ്തു. ഇതോടെ നാട്ടുകാർ സംഘടിച്ച് ബാങ്കിനു മുന്നിൽ സമരവുമായി എത്തുകയായിരുന്നു.
വൈകുന്നേരം ആറു മണിക്ക് നാട്ടുകാർ ബാങ്കിനു മുന്നിൽ സമരവുമായി കുത്തിയിരുന്നു. ബാങ്ക് ജീവനക്കാർ ഓഫീസിനുള്ളിൽ കുടുങ്ങുകയും ചെയ്തു. രാത്രി 10 ന് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതോടെയാണ് ജീവനക്കാർ പുറത്തിറങ്ങിയത്.