ജനങ്ങളാണ് എന്റെ ഹൈക്കമാൻഡ്: മോദി

11.34 PM 03/12/2016
Narendra_Modi_031216
മൊറാദാബാദ്: തനിക്കുമുകളിൽ ജനങ്ങൾ മാത്രമാണുള്ളതെന്നും ജനങ്ങളാണ് തന്റെ ഹൈക്കമാൻഡെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഹൈക്കമാൻഡും തന്നെ നിയന്ത്രിക്കാനില്ല. തലയ്ക്കു മുകളിൽ മന്ത്രിമാരുമില്ല. തനിക്ക് ജനങ്ങളോടുമാത്രം കാര്യങ്ങൾ അവതരിപ്പിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധരായ ആളുകൾ ബാങ്കുകൾക്ക് മുമ്പിൽ ക്യൂ നിൽക്കുമ്പോൾ കള്ളപ്പണക്കാർ രഹസ്യമായി പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ വരിനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജൻധൻ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് അപേക്ഷിക്കാനാണ് ഈ വരിനിൽക്കൽ. ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽനിന്നും ചില്ലി കാശുപോലും എടുക്കരുത്. ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ മോദിക്ക് കത്തെഴുതുക. നിങ്ങൾ അത്തരത്തിലുള്ള പണം പിൻവലിക്കില്ലെന്ന് സത്യം ചെയ്താൽ പണം നിക്ഷേപിച്ച കള്ളപ്പണക്കാരെ ജയിലേക്ക് അയയ്ക്കാം. ആ പണം നിങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ സംസ്‌ഥാനത്തുനിന്ന് ദാരിദ്രം തുടച്ചുനീക്കിയാൽ ദരിദ്രരുടെ എണ്ണം വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ വളരെ വേഗം രാജ്യം ദാരിദ്രത്തിൽനിന്നും പുറത്തുകടക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എവിടെ വികസനം സാധ്യമാകുന്നോ അവിടെ തൊഴിൽ ഉണ്ടാകും, അവിടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കും, പ്രായമായവരുടെ ചികിത്സ കുറഞ്ഞ ചെലവിൽ നടത്താൻ സാധിക്കുകയും ചെയ്യും. വികസനം അമ്മമാരുടേയും സഹോദരിമാരുടേയും ജീവിതം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില ആളുകൾ തന്നെ കുറ്റപ്പെടുത്തുന്നു. അതിനു കാരണക്കാരൻ ഞാൻ മാത്രമാണ്. കാരണം താൻ പാവപ്പെട്ട ആളുകൾക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണക്കാർ അവരുടെ പഴ്സായി കാഷ് കാർഡുകൾ ഉപയോഗിക്കുന്നു. രാജ്യത്തെ പാവങ്ങൾക്കും ഉടൻ തന്നെ കാർഡ് നൽകും. രാജ്യത്തെ ദരിദ്രർക്ക് 20,000 കോടി കാഷ് കാർഡുകളാണ് ഉടൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.