പൂണെ: മുംബൈയിൽ രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരെ അന്വേഷണം. അക്കൗണ്ടിനെ കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണ് ഇവര്‍ കള്ളപ്പണം വെളിപ്പെടുത്തിയത്. എന്നാൽ കേന്ദ്ര ധനമന്ത്രാലയം ഇത് തള്ളി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മറ്റാർക്കോവേണ്ടി കുടുംബം കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണ് സംശയം. ബാന്ദ്ര സ്വദേശിയായ അബ്ദുൾ റസാഖ് മുഹമ്മദ് സയിദ്, ഇയാളുടെ മകൻ മുഹമ്മദ് ആരീഫ് അബ്ദുൾ റസാഖ് സയിദ്, ഭാര്യ റുക്സാന അബ്ദുൾ റസാഖ് സയിദ്, സഹോദരി നൂർജഹാൻ മുഹമ്മദ് സയിദ് എന്നിവരാണ് കള്ളപ്പണം വെളിപ്പെടുത്തിയത്.
ബാന്ദ്രയിലാണ് കുടുംബം താമസിക്കുന്നത്. നേരത്തെ 13,860 കോടി വെളിപ്പെടുത്താന്‍ ശ്രമിച്ച അഹമ്മദാബാദ് സ്വദേശിയായ മഹേഷ് ഷാ അറസ്റ്റിലായിരുന്നു. എന്നാല്‍ മുംബൈയിലെ കുടുംബത്തിന്റെയും മഹേഷ് ഷായുടെയും അപേക്ഷകള്‍ ആദായനികുതി വകുപ്പ് നിരസിച്ചിട്ടുണ്ട്.

