അവിഹിത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജയലളിത യാത്രയായി.

09:22 AM 06/12/2016
supremecourt-kEeB--621x414@LiveMint

കോയമ്പത്തൂര്‍: അവിഹിത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജയലളിത യാത്രയായി. തമിഴക രാഷ്ട്രീയത്തില്‍ അജയ്യശക്തിയായി നിലകൊണ്ടിരുന്ന ജയലളിതയെ സംബന്ധിച്ചിടത്തോളം കേസിന്‍െറ വിധിപ്രഖ്യാപനം നിര്‍ണായകമാവുമെന്ന് നിരീക്ഷകര്‍ കരുതിയിരുന്നു. എന്നാല്‍, കോടതിവിധിക്ക് മുമ്പ് ദൈവത്തിന്‍െറ വിധിക്ക് മുമ്പില്‍ ജയലളിത കീഴടങ്ങുകയായിരുന്നു. ജയലളിതയെ വെറുതെവിട്ട കര്‍ണാടക ഹൈകോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയുന്നതിന് അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു.

വരുമാനത്തില്‍ കവിഞ്ഞ് 66 കോടി രൂപയുടെ സ്വത്ത് അവിഹിതമായി സമ്പാദിച്ചതായി ആരോപിച്ച് ഡി.എം.കെ സര്‍ക്കാറിന്‍െറ കാലത്ത് 1996ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 1991-96 കാലയളവില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ സര്‍ക്കാറാണ് സംസ്ഥാനം ഭരിച്ചത്. മുഖ്യമന്ത്രിയായിരിക്കവെ ഒരു രൂപ മാത്രം ശമ്പളം വാങ്ങുന്നതായി ജയലളിത പ്രഖ്യാപിച്ച കാലയളവിലെ അവിഹിത സ്വത്ത് സമ്പാദ്യമാണ് കേസിനാധാരമായതെന്നതും ശ്രദ്ധേയമാണ്. ’96 സെപ്റ്റംബറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ജയലളിതയെ അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലടച്ചിരുന്നു. ഈ സമയത്താണ് തമിഴ്നാട് പൊലീസ് കേസിനാസ്പദമായ സ്വത്തുക്കളുടെ ആധാരങ്ങളും വസ്തുവകകളും മറ്റും കണ്ടുകെട്ടിയത്.

പിന്നീട് 2001ല്‍ ജയലളിത വീണ്ടും സംസ്ഥാന ഭരണത്തില്‍ തിരിച്ചു വന്നതോടെയാണ് ഡി.എം.കെ ജനറല്‍ സെക്രട്ടറി പ്രഫ. കെ. അന്‍പഴകന്‍ കേസ് വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ 2003ലാണ് ബംഗളൂരു പ്രത്യേക കോടതിയിലേക്ക് കേസ് വിചാരണ മാറ്റിയത്. ഡി.എം.കെ സര്‍ക്കാറിന്‍െറ ഗൂഢാലോചനയുടെ ഭാഗമായി രാഷ്ട്രീയ പ്രേരിതമായാണ് കേസ് ചുമത്തിയതെന്നായിരുന്നു ജയലളിതയുടെ വാദം. ജയലളിതയുടെ തോഴി എന്‍. ശശികല, വളര്‍ത്തുമകന്‍ വി.എന്‍. സുധാകരന്‍, ശശികലയുടെ മരുമകള്‍ ജെ. ഇളവരശി എന്നിവരും കേസിലെ പ്രതികളാണ്. നാല് പ്രതികളെയും നാലുവര്‍ഷം തടവിനാണ് ബംഗളൂരു പ്രത്യേക വിചാരണ കോടതി ജഡ്ജി മൈക്കേല്‍ കുന്‍ഹ ശിക്ഷിച്ചത്.

ജയലളിതക്ക് 100 കോടി രൂപയും മറ്റു മൂന്ന് പ്രതികള്‍ക്ക് 1.10 കോടി രൂപ വീതവും പിഴ വിധിച്ചു. ഇതേതുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മൂന്നാഴ്ചക്കാലം ബംഗളൂരു ജയിലില്‍ കഴിഞ്ഞു. തുടര്‍ന്ന്, ജാമ്യത്തിലിറങ്ങി. പിന്നീട് ജയലളിതയും കൂട്ടുപ്രതികളും നല്‍കിയ അപ്പീല്‍ ഹരജിയിന്‍മേല്‍ കര്‍ണാടക ഹൈകോടതി ജഡ്ജി കുമാരസ്വാമി മുഴുവന്‍ പ്രതികളും കുറ്റക്കാരല്ളെന്ന് പറഞ്ഞ് വെറുതെവിട്ടു. തുടര്‍ന്നാണ് ജയലളിത വീണ്ടും മുഖ്യമന്ത്രിയായത്. ഹൈകോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചിരുന്നത്.