സിറിയയില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിനായി പ്രമേയം കൊണ്ടുവരാനുള്ള യു.എസിന്‍െറയും സഖ്യകക്ഷികളുടെയും ശ്രമം പാളി.

11:08 am 7/12/2016

download (3)
ഡമസ്കസ്: സിറിയയില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തലിനായി പ്രമേയം കൊണ്ടുവരാനുള്ള യു.എസിന്‍െറയും സഖ്യകക്ഷികളുടെയും ശ്രമം പാളി. റഷ്യയും ചൈനയും പ്രമേയം വീറ്റോചെയ്തതോടെയാണ് രാജ്യത്ത് താല്‍ക്കാലിക യുദ്ധവിരാമമെന്ന പ്രതീക്ഷ അസ്ഥാനത്തായത്.
യു.എന്‍ രക്ഷാസമിതിയില്‍ ഏഴു ദിവസത്തെ വെടിനിര്‍ത്തലിനായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മാരകമായി പരിക്കേറ്റു കിടക്കുന്നവരെ ചികില്‍സിക്കാനും ഉപരോധത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള മാനുഷിക സഹായം എത്തിക്കാനുമായിരുന്നു യു.എസ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ വിമതര്‍ അലപ്പോ തകര്‍ക്കുമെന്ന വാദമുന്നയിച്ചാണ് റഷ്യ പ്രമേയം വീറ്റോ ചെയ്തത്. 2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയതു മുതല്‍ റഷ്യ ആറു തവണയും ചൈന അഞ്ചു തവണയും വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്തിരുന്നു.
നേരത്തേ യു.എസ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെതിരെ പ്രകോപനപരമായ ചുവടുവെപ്പ് എന്നായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പ്രതികരിച്ചത്.
അതിനിടെ, കിഴക്കന്‍ അലപ്പോയില്‍ സൈന്യം മുന്നേറ്റം തുടരുകയാണ്. വിമതപക്ഷത്തിന്‍െറ കേന്ദ്രമായിരുന്ന അലപ്പോയിലെ വടക്കന്‍ മേഖലയിലെ 60 ശതമാനവും സിറിയന്‍ സഖ്യകക്ഷി സേന പിടിച്ചെടുത്തു.
അല്‍ശഹര്‍ കേന്ദ്രം സര്‍ക്കാര്‍ സൈന്യം വളഞ്ഞതായി ബ്രിട്ടന്‍ കേന്ദ്രമായുള്ള മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ശഹറില്‍ കാര്യമായ ചെറുത്തുനില്‍പ് നടത്താതെ വിമതര്‍ പിന്മാറാനാണ് സാധ്യത. എന്നാല്‍, മേഖല തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുകയാണെന്ന് അലപ്പോയിലെ വിമതരെ പിന്തുണക്കുന്ന തുര്‍ക്കിസംഘത്തിന്‍െറ ഒൗദ്യോഗിക വക്താവ് പറഞ്ഞു. കിഴക്കന്‍ അലപ്പോയിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി ബശ്ശാര്‍ സൈന്യം പിടിച്ചെടുക്കുന്നത് തുടരുകയാണ്. മേഖലയില്‍നിന്ന് ആയിരങ്ങള്‍ ഇതിനകം കുടിയൊഴിഞ്ഞിരുന്നു. രണ്ടരലക്ഷം ആളുകള്‍ ഇപ്പോഴും ഉപരോധത്തില്‍ കഴിയുകയാണ്. കിഴക്കന്‍ അലപ്പോയില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ 44 കുട്ടികളുള്‍പ്പെടെ 319 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.