റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന്

11:14 am 7/12/2016

download (6)
മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനയോഗം ഇന്ന് ചേരും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയ സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്താനാണ് സാധ്യത.
കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച ശേഷം നടത്തുന്ന ആദ്യ വായ്പാ അവലോകന യോഗമാണ് ഇന്നത്തേത്. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ 30നകം രാജ്യത്തെ ബാങ്കുകളില്‍ നാലു ലക്ഷം കോടി രൂപയെങ്കിലും അധികം നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്ക്.

വായ്പ വിതരണം ഊര്‍ജ്ജിതമാക്കേണ്ട സാഹചര്യം ബാങ്കുകള്‍ക്ക് മുന്നിലുണ്ട്. ഇതിനാല്‍ റിപ്പോ നിരക്കില്‍ കാര്യമായ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കും. കാല്‍ ശതമാനമോ അതിന് മുകളിലോ കുറയാന്‍ സാധ്യത ഉണ്ടെന്ന് സാമ്ബത്തിക വിദഗ്ദര്‍ പറയുന്നു. സാധാരണക്കാരുടെ ഭവന വായ്പകളുടേയും വാഹന വായ്പകളുടേയും പലിശ ഇതോടെ കുറയും.

നിലവില്‍ ആറര ശതമാനമാണ് റിപ്പോ നിരക്ക്. 2015 ജനുവരിക്ക് ശേഷം റിപ്പോ നിരക്കില്‍ പല ഘട്ടങ്ങളിലായി ഒന്നേമുക്കാല്‍ ശതമാനത്തിന്റെ കുറവ് ആര്‍ ബി ഐ വരുത്തിയിരുന്നു. അതേസമയം ഇതിന്റെ പ്രയോജനം വായ്പകളില്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായിരുന്നില്ല. ഇതിനുള്ള കര്‍ശന നിര്‍ദ്ദേശവും റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.