ആന്‍ഡമാനില്‍ 1400 വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിയതായി പുതിയ റിപ്പോര്‍ട്ട്.

10:55 am 08/12/2016
images (1)
പോര്‍ട്ട്‌ബ്ലെയര്‍: കൊടുങ്കാറ്റും കനത്ത മഴയെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 1400 വിദേശ വിനോദ സഞ്ചാരികള്‍ കുടുങ്ങിയതായി പുതിയ റിപ്പോര്‍ട്ട്. ആന്‍ഡമാനിലെ ഹാവ് ലോക് ഐലന്‍ഡിലാണ് വിനോദ സഞ്ചാരികള്‍ അകപ്പെട്ടത്. ആന്‍ഡമാന്‍ ഭരണകൂടം ഇവരെ കടത്തുബോട്ടുകളിലായി പോര്‍ട്ട്‌ബ്ലെയര്‍ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.

അതേസമയം, വിദേശ വിനോദ സഞ്ചാരികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു. വിനോദ സഞ്ചാരികളുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട. കൊടുങ്കാറ്റ് ശമിച്ചാലുടന്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി നാവികസേന പോര്‍ട്ട്‌ബ്ലെയറില്‍ ക്യാമ്പ് ചെയ്യുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ബുധനാഴ്ച തന്നെ നാവികസേനയുടെ നാലു കപ്പലുകള്‍ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിയിരുന്നു. ഐ.എന്‍.എസ് ബിത്ര, ഐ.എന്‍.എസ് ബംഗാരം, ഐ.എന്‍.എസ് കുംബിര്‍ എന്നീ യുദ്ധക്കപ്പലുകള്‍ കൂടാതെ എല്‍.സി.യു 38 കപ്പലുമാണ് പോര്‍ട്ട്‌ബ്ലെയര്‍ തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടത്. എന്നാല്‍, മോശം കാലാവസ്ഥയും തിരമാലകള്‍ അഞ്ച് മീറ്ററിലധികം ഉയര്‍ന്നതും കാരണം രക്ഷാപ്രവര്‍ത്തനം നടത്താന്‍ സേനക്ക് സാധിച്ചില്ല.

ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ കപ്പലിലുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കൊടുങ്കാറ്റിനും കനത്ത മഴക്കും കാരണമായത്. തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകള്‍.