അല ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു

08:41 pm 10/12/2016

– പി.പി. ചെറിയാന്‍
Newsimg1_45497890
ഗാര്‍ലന്റ്(ഡാലസ്): അമേരിക്കന്‍ മലയാളികളുടെ പുരോഗമന സാഹിത്യ- സാംസ്കാരിക – കലാ വേദിയായ ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം കേരള മുന്‍ വിദ്യാഭ്യാസ –സാംസ്കാരിക മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി നിര്‍വ്വഹിച്ചു.

നവംബര്‍ 27 ശനിയാഴ്ച ഗാര്‍ലന്റ് കിയാ റസ്‌റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍ഡിനേറ്റര്‍ മനോജ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച ഫിദല്‍ കാസ്‌ട്രോ, കലാ സാഹിത്യ നായകന്മാര്‍ എന്നിവര്‍ക്ക് ആദരാ!ജ്ഞലികള്‍ അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനാചരണത്തിനുശേഷമാണ് യോഗ നടപടികള്‍ ആരംഭിച്ചത്.

മുഖ്യാതിഥി എം. എ. ബേബിയെ അധ്യക്ഷന്‍ സദസിനു പരിചയപ്പെടുത്തുകയും അലയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംക്ഷിപ്തമായി വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യാതിഥിയും സംഘടനാ നേതാക്കളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരക്കു പിടിച്ച അമേരിക്കന്‍ ജീവിതത്തിനിടയിലും മലയാളി മനസ്സില്‍ ജന്മസിദ്ധമായി ലഭിച്ചിരിക്കുന്ന കലാവാസനയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് അല സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളെ എം. എ. ബേബി പ്രത്യേകം അഭിനന്ദിച്ചു.

കല മനുഷ്യ ജീവിതത്തിലെ അഭിഭാജ്യഘടകമാണ്. കലയെ ആദരിക്കുകകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ സാഹോദര്യ സ്‌നേഹത്തിന്റെ മഹത് സന്ദേശമാണ് പ്രചരിപ്പിക്കപ്പെടുന്നത്. വിവിധ കലാ സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംയോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കുന്നതിനു അലയുടെ സംഘാടകര്‍ക്ക് കഴിയട്ടെയെന്ന് എം. എ. ബേബി ആശംസിച്ചു. തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടു ഷിജി ഏബ്രഹാം (ഡാലസ് കേരള അസോസിയേഷന്‍, മീന എലിസബത്ത്(നോവലിസ്റ്റ്), തോമസ് ഏബ്രഹാം, ഫിലിപ്പ് തോമസ്(വേള്‍ഡ് മലയാളി) പോള്‍ സെബാസ്റ്റ്യന്‍(ലയണ്‍സ് ക്ലബ്), പി. പി. ചെറിയാന്‍ (പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക) എന്നിവര്‍ സംസാരിച്ചു.

ഫൊക്കാനാ മുന്‍ സെക്രട്ടറിയും കലയുടെ ഭാരവാഹിയുമായ ടെറന്‍സണ്‍ തോമസ് സ്വാഗതവും ഡോ. ജേക്കബ് തോമസ് നന്ദിയും പറഞ്ഞു. ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും സാഹിത്യകാരനും കവിയുമായ അനശ്വര്‍ മാമ്പിള്ളിയായിരുന്നു ചടങ്ങുകള്‍ നിയന്ത്രിച്ചിരുന്നത്.