മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍

10:54 am 15/12/2016
– മണ്ണിക്കരോട്ട്
Newsimg1_71828643
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഡിസംബര്‍ സമ്മേളനം 11-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. എ.സി. ജോര്‍ജിന്റെ ‘പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണവും ജി. പുത്തന്‍കുരിശിന്റെ ‘തിരിച്ചറിവ്’ എന്ന കവിതയുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോട് ആരംഭിച്ചു. കൂടിവന്ന എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്
ജി. പുത്തന്‍കുരിശ് അദ്ദേഹത്തിന്റെ തിരിച്ചറിവ് എന്ന കവിത പാരായണം ചെയ്തു. അദൃശ്യമായ ഏതോ പരാശക്തിയുടെ ആകര്‍ഷണത്തില്‍ സാന്ത്വനം അനുഭവിക്കുന്ന ഒരാളുടെ വൈകാരിക തലങ്ങള്‍ ഈ കവിതയില്‍ നിഴലിക്കുകയായിരുന്നു.

“ഞാന്‍ തേങ്ങിയപ്പോള്‍
നീ എന്റെ അരികില്‍ വന്നുനിന്നു.

മൗനമായി, ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ”. തന്നോടൊപ്പം സന്തത സഹചാരിയായിരുന്ന ആ പരാശക്തിയെ തിരിച്ചറിയാതെ ഉഴലുന്ന വ്യക്തിയ്ക്ക് അവസാനം തിരിച്ചറിവിന്റെ വഴി തെളിയുകയാണ് ഈ കവിതയിലൂടെ.

തുടര്‍ന്ന് എ.സി. ജോര്‍ജ് ‘പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍’എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം ആരംഭിച്ചു. പ്രവാസം എന്ന പ്രതിഭാസത്തിന്റെ വിവിധ വീക്ഷണങ്ങള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം വിഷയത്തിന്റെ പൊരുള്‍ വ്യക്തമാക്കി. ഒരു കുട്ടി ജനിച്ചുവീഴുന്നതുതന്നെ പ്രവാസത്തിലേക്കാണ്. അതായത് അതുവരെ ജീവിച്ച സ്ഥലത്തുനിന്നോ സ്ഥാനത്തുനിന്നോ മാറി മറ്റൊരു സ്ഥലത്തും അന്തരീക്ഷത്തിലും ജീവിക്കേണ്ടിവരുന്നതുതന്നെ പ്രവാസജീവിതമാണെന്ന അഭിപ്രായത്തോടെ അദ്ദേഹത്തിന്റെ പ്രഭാഷണം ആരംഭിക്കുകയായിരുന്നു. അതേസമയം ഈ ലോകത്ത് എവിടെ ജീവിച്ചാലും അത് പ്രവാസമല്ലെന്ന് സിസ്റ്റര്‍ മേരി ബനിഞ്ജയുടെ ‘ലോകമെ തറവാട്’ എന്ന കവിതയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പ്രതിപാദിക്കാനും മറന്നില്ല.

ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറി താമസിക്കുന്നത് പ്രവാസമായി കണ്ടാല്‍ നാം എല്ലാം പ്രവാസികളാണ്. കാരണം ഈ ലോകം, ഇതില്‍ വസിക്കുന്ന ആരും സൃഷ്ടിച്ചതല്ല. അത് ഈശ്വരസൃഷ്ടിയാണ്. ജനങ്ങള്‍ കുടിയേറിയവരും. ഉദാഹരണത്തിന് ഇന്ത്യയിലെ ദ്രാവിഡന്മാരും ആര്യന്മാരും ഏഷ്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് കുടിയേറി ഇന്ത്യയില്‍ ജീവിക്കുകയായിരുന്നു. ലോകത്തെ മറ്റ് ഓരോ രാജ്യങ്ങളിലും അതുപോലെതന്നെ. അമേരിക്കയിലാണെങ്കില്‍ ആദ്യം യൂറോപ്പില്‍നിന്നും പിന്നെ മറ്റ് രാജ്യങ്ങളില്‍നിന്നും കുടിയേറി. തുടര്‍ന്ന് കുടിയേറ്റക്കാരുടെ ജീവിതവഴികളിലേക്കും അദ്ദേഹം വളരെ ഹാസ്യാത്മകമായി കടന്നുചെന്നു.

സമ്മേളനത്തില്‍ മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സാഹിത്യ സമാഹാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. സമാഹാരത്തിന്റെ ചീഫ് എഡിറ്റര്‍ ടി.എന്‍. ശാമുവല്‍ ചര്‍ച്ച നയിച്ചു. കഥ, കവിത, ലേഖനം എന്നീ സാഹിത്യ വിഭാഗങ്ങള്‍ ചേര്‍ത്തായിരിക്കും പ്രസ്തുത സമാഹാരം തയ്യാറാക്കുന്നത്.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. സമ്മേളനത്തില്‍ എ.സി. ജോര്‍ജ് ‘പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് അവതരിപ്പിച്ച പ്രഭാഷണവും ജി. പുത്തന്‍കുരിശ് അവതരിപ്പിച്ച തിരിച്ചറിവ് എന്ന കവിതയും വ്യത്യസ്തവും ആശയ സമ്പുഷ്ടവുമാണെന്ന് സദസ്യര്‍ വിലയിരുത്തി. ചര്‍ച്ചയില്‍ പൊന്നു പിള്ള, മേരിക്കുട്ടി ഏബ്രഹാം, എ.സി. ജോര്‍ജ്, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, തോമസ് തയ്യില്‍, ടി.എന്‍. സാമുവല്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, തോമസ്കുട്ടി വൈക്കത്തുശ്ശേരി, ജെയിംസ് ചാക്കൊ, നൈനാന്‍ മാത്തുള്ള, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് ചെറുകര, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, എന്നിവര്‍ സജീവമായി പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാര്‍ പര്യവസാനിച്ചു. മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം 2017 ജനുവരി 15-നു നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217