ഫ്‌ളാഷ് മോബിന്റെ അമ്പരപ്പില്‍ ആഹ്ലാദത്തിലമര്‍ന്നു കാണികള്‍, മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് ഗാലയ്ക്കു വന്‍ ജനപ്രീതി

08:04 am 16/12/2016
Newsimg1_24163133
മിസ്സിസ്സാഗ: ഇക്കഴിഞ്ഞ ഡിസംബര്‍ 9, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പായല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടന്ന മിസ്സിസ്സാഗ കേരള സംഘടനയുടെ ക്രിസ്മസ് ഗാലയ്ക്കു വന്‍ ജനപ്രീതി ലഭിച്ചെന്നു ഭാരവാഹികള്‍ അവകാശപ്പെട്ടു . വൈവിധ്യം കൊണ്ടും കലാമൂല്യം കൊണ്ടും സംഘാടക പ്രാവീണ്യം കൊണ്ടും സംഘടനയുടെ ഏല്‍ക്കാലത്തേയും മികച്ച ക്രിസ്മസ് പ്രോഗ്രാമായി കാണികള്‍ വിലയിരുത്തിയെന്നു ഫീഡ്ബാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഭാരവാഹികള്‍ പറഞ്ഞു.

രാത്രി പത്തു മണിക്ക് പൊതു പരിപാടികള്‍ അവസാനിക്കവേ വിരുന്നു സല്‍ക്കാരത്തിന് തൊട്ടു മുന്‍പ് അപ്രതീക്ഷിതമായാണ് സദസ്സില്‍ നിന്നും ജിഷ, അനുഷ എന്നീ സഹോദരിമാരുടെ നേതൃത്വത്തില്‍ യുവതീ യുവാക്കളുടെ വന്‍സംഘം അരങ്ങു കയ്യടക്കി ഹിന്ദി ഹിറ്റ് സിനിമാ ഗാനത്തിന് ചടുലമായി ചുവടു വച്ചത്. സംഘടനയുടെ ഭാരവാഹികളും അവരോടൊപ്പം കൂടിയതോടെ കാണികള്‍ ആരവങ്ങളോടെ കരഘോഷം മുഴക്കി.

7 മണിക്ക് ലഘു ഭക്ഷണങ്ങളോടെ ലളിതമായ രീതിയിലായിരുന്നു തുടക്കം. തുടര്‍ന്നു പ്രിന്‍സ് ഫിലിപ്പും സംഘവും അവതരിപ്പിച്ച ഇമ്പമാര്‍ന്ന ക്രിസ്മസ് ഗാനങ്ങള്‍. ചൈനീസ് സാംസ്കാരിക സമിതി ” വിടരുന്ന പുഷ്പങ്ങള്‍ ” എന്ന പേരിട്ട നൃത്തത്തിലൂടെ ഒരു പൂവ് വിരിയുന്നത് പ്രതീകാത്മകമായി അവതരിപ്പിച്ചത് കാണികളില്‍ അല്‍ഭുതമുളവാക്കി.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ശൈശവം മുതല്‍ നിര്യാണം വരെയുള്ള ഘട്ടങ്ങള്‍ പകര്‍ത്തിയ “ജീവ ചക്രം’ എന്ന നൃത്ത ശില്പമായിരുന്നു മറ്റൊരാകര്‍ഷണം. ഇരുപത്തിയഞ്ചില്‍പരം യുവതീയുവാക്കള്‍ പങ്കെടുത്ത നൃത്തം സംവിധാനം ചെയ്തത് ദിവ്യയും രഞ്ജിത്തും. കൂടാതെ മഞ്ജുള ദാസും റീന ഷായും കൈവിളക്കുകളേന്തി അവതരിപ്പിച്ച രാജസ്ഥാനി നൃത്തം ഉയര്‍ന്ന നിലവാരം പുലര്‍ത്തി. ടോറന്റോയിലെ വാനമ്പാടി എന്നറിയപ്പെടുന്ന ജെറാള്‍ഡി ജെയിംസിനൊപ്പം ഫിറോസ്, അക്ഷയ, ജിമ്മി , പ്രദീപ് സുബുദ്ധി എന്നിവരുടെ മനോഹരമായ ഗാനങ്ങളും സദസ്സിന്റെ മനം കുളിപ്പിച്ചു. ഒപ്പം, ഈ പരിപാടിയുടെ മുഖ്യ പ്രായോജകരായ ടോറോന്റോയിലെ പ്രശസ്ത റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മനോജ് കരാത്ത ഒരു ഗാനം ആലപിച്ചത്, സ്‌പോണ്‍സര്‍മാരെ ആദരിക്കുന്ന സ്ഥിരം സെഗ്‌മെന്റിനു പുതിയ പ്രവണത സൃഷ്ടിക്കാന്‍ സാധിച്ചുവെന്നു കാണികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. .

പ്രച്ഛന്ന വേഷത്തിനും ചിത്ര രചനയ്ക്കും വിജയിച്ചവര്‍ക്കു സിറോ മലബാര്‍ സഭയുടെ അഭിവന്ദ്യ ബിഷപ് ജോസ് കല്ലുവേലില്‍ സമ്മാനം വിതരണം ചെയ്തു. വര്‍ഗ ഭേദമെന്യേ സര്‍വര്‍ക്കും സമാധാനമാണ് കാനഡയിലെ മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന മലായാളി സമൂഹത്തിനുള്ള തന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് സന്ദേശമെന്നു ബിഷപ് ചടങ്ങില്‍ പറഞ്ഞു. മിസ്സിസ്സാഗ കേരളയുടെ അംഗങ്ങളായ ജിഷ ഭക്തനും സജിത്ത് നാരായണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന “കോട്ടയം’ എന്ന ന്യൂ ജനറേഷന്‍ മലയാള ചലച്ചിത്രത്തിന്റെ അമേരിക്കന്‍ പ്രിവ്യൂ പ്രസ്തുത ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

വിഭവ സമൃദ്ധമായ വിരുന്നിനു ശഷം ഹിന്ദി , മലയാളം , തമിഴ് ഇങ്ങനെ വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിശേഷ് രാജ് പാലിന്റെ സംവിധാനത്തില്‍ ഡിസ്‌കോ സംഗീതത്തിന്റെ താളത്തിനൊപ്പം പ്രായഭേദമെന്യേ എല്ലാവരും ചുവടു വച്ചതു ക്രിസ്മസ് ആഘോഷത്തിന് സമത്വവും സാഹോദര്യവും ഇഴ കലര്‍ത്തിയ മൂല്യം നല്‍കാന്‍ സഹായിച്ചു. ഡിജിറ്റല്‍ സാങ്കേതിക വിദ്യാവിദഗ്ദ്ധനായ അര്‍ജുനൊപ്പം ടോറന്റോയിലെ പേരെടുത്ത പ്രോഗ്രാം അവതാരകരായ ലിസ് കൊച്ചുമ്മനും ജോളി ജോസഫുമായിരുന്നു പരിപാടികള്‍ നിയന്ത്രിച്ചത്.

കാലിത്തൊഴുത്തില്‍ പിറവിയെടുത്ത ക്രിസ്തു ദേവന്റെ ജനനവും ജീവിതവും കാലാതീതപ്രസക്തിയുള്ളതാണെന്നും സര്‍വമതസ്ഥര്‍ക്കും അത് സാമൂഹ്യ പാഠമാണെന്നും സംഘടനയുടെ തലവന്‍ പ്രസാദ് നായര്‍ നിരീക്ഷിച്ചു. കാനഡയില്‍ മലയാളികളുടെ സാമൂഹിക ഉന്നമനത്തിനു നിരവധി സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴച വച്ച് വേറിട്ട് നില്കുന്ന ഈ സംഘടന, പുതിയതായി കുടിയേറുന്ന മലയാളികള്‍ക്കു വേരുറപ്പുക്കുവാനുള്ള സഹായങ്ങള്‍ ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. അംഗത്വത്തിനും സേവനങ്ങള്‍ക്കും, സാംസ്കാരിക കൂട്ടായ്മയ്ക്കും വിളിക്കേണ്ട നമ്പര്‍ : 6472956474