അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

6.49 PM 20/12/2016 Ravindra_Jadeja_201216
ചെന്നൈ: അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 4–0ന് സ്വന്തമാക്കി. ചെന്നൈയിൽ ഇന്നിംഗ്സിനും 75 റൺസിനുമാണ് അലിസ്റ്റർ കുക്കിനെയും സംഘത്തെയും കെട്ടുകെട്ടിച്ചത്. അവസാന ദിനം 10 വിക്കറ്റുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തോൽവി ഒഴിവാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ ക്യാപ്റ്റൻ കുക്കും കെന്റൺ ജെന്നിംഗ്സും 103 റൺസ് നേടുകയും ചെയ്തു. എന്നാൽ 49 റൺസ് നേടിയ കുക്ക് വീണതോടെ ഇംഗ്ലീഷ് തകർച്ച തുടങ്ങി.

ആർ.അശ്വിനായിരുന്നു ഇതുവരെ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ ഭീഷണിയെങ്കിൽ ചെപ്പോക്കിൽ അവസാന ദിനം രവീന്ദ്ര ജഡേജയുടെ സംഹാര താണ്ഡവമാണ് അരങ്ങേറിയത്. കുക്കിനെ കെ.എൽ.രാഹുലിന്റെ കൈകളിൽ എത്തിച്ച് തുടങ്ങിയ ജഡേജ ഏഴ് വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സിൽ പിഴുതത്. മത്സരത്തിൽ 10 വിക്കറ്റ് നേട്ടവും ജഡേജ സ്വന്തമാക്കി. കീറ്റൻ ജെന്നിംഗ്സ് 54 റൺസും മൊയിൻ അലി 44 റൺസും നേടി പൊരുതി നോക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ പ്രാപ്തമായിരുന്നില്ല.

സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 477, 207. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 759/7 ഡിക്ലയേർഡ്.

ത്രിപ്പിൾ സെഞ്ചുറിയിലൂടെ ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ച കരുൺ നായരാണ് മാൻ ഓഫ് ദ മാച്ച്. ക്യാപ്റ്റൻ വിരാട് കോഹ്ലി പരമ്പരയുടെ താരമായി.