ഡോ. സണ്ണി എഴുമറ്റൂരിന്റെ മാര്യേജ് & മൊറാലിറ്റി പ്രകാശനം ചെയ്തു

10:44 am 21/12/2016

– ഡോ. മാത്യു വൈരമണ്‍
Newsimg1_26299059
ഹൂസ്റ്റണ്‍: ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച “മാര്യേജ് & മൊറാലിറ്റി’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം ദേശി റെസ്റ്റോറന്റില്‍ കൂടിയ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. ബാബു കുരവയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഡോ. അഡ്വ. മാത്യു വൈരമണ്‍ ആദ്യപ്രതി ഫോമയുടെ പ്രഥമ പ്രസിഡന്റായ ശശിധരന്‍ നായര്‍ക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. വിവാഹത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് ഈ കൃതി അറിവ് പകര്‍ന്നു നല്‍കുന്നു. പതിനൊന്ന് അദ്ധ്യായങ്ങളിലായി വിഭജിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ മനുഷ്യജീവിതത്തിന്റെ തുടക്കംമുതല്‍ ഒടുക്കംവരെ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു പ്രതിപാദിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

സണ്ണി എഴുമറ്റൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഡോ. ജോണ്‍ മാത്യു തെക്കേല്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഏകദേശം മൂന്നു ഡസനോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുട്ടുക്കാലം മുതല്‍ വാര്‍ദ്ധക്യം വരേയുള്ള കാര്യങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി അദ്ധ്യക്ഷന്‍ ബാബു കുരവയ്ക്കല്‍ പറഞ്ഞു. വളരെ ഉത്തമമായ ഈ കൃതി ചെറുപ്പക്കാര്‍ വായിച്ചിരിക്കേണ്ടതാണെന്നു ശശിധരന്‍ നായര്‍ അഭിപ്രായപ്പെട്ടു. മാര്യേജ് & മൊറാലിറ്റി എന്ന ഗ്രന്ഥം ഒരു എന്‍സൈക്ലോപീഡിയ പോലെ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നു പുസ്തകത്തെക്കുറിച്ച് അവലോകനം നടത്തിയ മാത്യു വൈരമണ്‍ പറഞ്ഞു.

കൂടുംബജീവിതം നയിക്കുന്ന എല്ലാവരും, വിശേഷാല്‍ ചെറുപ്പക്കാര്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്നു റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന് പറഞ്ഞു. കുടുംബത്തെ ലോകമായി കണ്ടുകൊണ്ട് വിവാഹം, സദാചാരം, വിവാഹമോചനം എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന ഒരു കൃതിയാണ് ഇതെന്ന് ജോണ്‍ മാത്യു അഭിപ്രായപ്പെട്ടു. മാഗ് പ്രസിഡന്റ് തോമസ് ചെറുകര ഉള്‍പ്പടെ ധാരാളം സാഹിത്യകാരന്മാരും, ആസ്വാദകരും ഈ യോഗത്തില്‍ പങ്കെടുത്തു. ആവശ്യമുള്ളവര്‍ക്ക് ഈ പുസ്തകം ആമസോണില്‍ നിന്നു വാങ്ങാവുന്നതാണ്.