05:19 pm 26/12/2016

ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി, ഷിക്കാഗോ രൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വൈദീകരുടെ സാന്നിധ്യത്തില്‍ എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റില്‍ വച്ചു ക്രിസ്മസ് ദിവ്യബലി അര്‍പ്പിച്ചു.
നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത കുര്‍ബാനയില്‍ ഇംഗ്ലീഷ്, കൊങ്കിണി, മലയാളം ഭാഷകളിലായി അറുപതില്‍പ്പരം ഗായകസംഘത്തെ നയിച്ചത് ജോസ് ആന്റണി പുത്തന്‍വീട്ടില്‍, ഷാര്‍ലറ്റ് അല്‍ഫോന്‍സോ, കോണ്‍സി മെസ്ക്യൂറ്റ എന്നിവരായിരുന്നു.
തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ ബില്‍ ഫെറേറ സ്വാഗതം ആശംസിക്കുകയും, ഇന്ത്യന്‍ കാത്തലിക് സമൂഹം വിവിധ സംസ്ഥാനങ്ങളിലെ, വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകളുടെ ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും വി. തോമാശ്ശീഹായെപ്പറ്റിയും ഈവര്‍ഷം വിശുദ്ധയായി പ്രഖ്യാപിച്ച മദര്‍ തെരേസയെപ്പറ്റിയും പിതാവ് തന്റെ മറുപടി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, ഇന്ത്യന്‍ കാത്തലിക് സമൂഹത്തിന് ഇന്ന് അഭിമാനത്തിന്റെ ദിനമാണെന്നും കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ച് സ്‌നേഹത്തിന്റേയും സമന്വയത്തിന്റേയും പിതാവാണെന്നും ദൈവജനത്തെ നയിക്കുവാന്‍ പിതാവിന് കഴിയുമാറാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായും തുടര്‍ന്ന് ക്രിസ്മസ് സമ്മാനം പിതാവിന് കൈമാറുകയും ചെയ്തു.
ക്രിസ്മസ് പാപ്പായുടെ ആഗമനത്തോടെ സദസിലുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറുകയും ചെയ്തു. അനില്‍ ഡിസൂസ ആയിരുന്നു അവതാരകന്‍. പരിപാടികളുടെ വിജയത്തിനായി ബില്‍ ഫെറേറ, ഹെറാള്‍ഡ് ഫിഗുരേദോ, ഡെന്‍സില്‍ ഡിസൂസ, ഹൊസ്റ്റിന്‍ ഡിസൂസ, വിസിയാ ഡിസൂസ, ഖ്യൂനി മെന്‍ഡോകാ, ഷാജു ജോസഫ്, പ്രൈം ബ്രിട്ടോ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ സ്‌പോണ്‍സര്‍മാരേയും, മാധ്യമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ജോയിച്ചന്‍ പുതുക്കുളത്തെയും പ്രത്യേകം അനുമോദിച്ചു. ജോഡി മേല്ലേ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
