01:33 pm 1/1/2017
ന്യൂഡൽഹി: നോട്ട് പിൻവലിക്കലിന് ശേഷം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി. നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന് ശേഷം 87,000 കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്. നികുതി വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.െഎയാണ് വാർത്ത പുറത്ത് വിട്ടത്.
30,000 രൂപ മുതൽ 50,000 രൂപ മൂല്യമുള്ള 2000 കോടി രൂപയുടെ നിക്ഷേപങ്ങൾ ജൻധൻ അക്കൗണ്ടിലുണ്ട്. ഡിസംബർ 10 മുതൽ 23 വരെയുള്ള കാലയളവിൽ മാത്രം 41,523 കോടിയുടെ രൂപയാണ് ജൻധൻ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടത്. ജൻധൻ അക്കൗണ്ടുകളിൽ വൻതോതിൽ കള്ളപണ നിക്ഷേപമുണ്ടായതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യാജ പേരുകളിലാണ് പണം അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നതെങ്കിൽ അവർക്കെതിരെ നടപടികളുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.
നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്ന ആദ്യ ആഴ്ചകളിൽ 5000 കോടി രൂപയുടെ വരെ നിക്ഷേപം ജൻധൻ അക്കൗണ്ടുകളിൽ നടന്നിരുന്നു. പിന്നീട് ഇത് 1000 കോടി രൂപ വരെയായി കുറഞ്ഞിരുന്നു. 50,000 രൂപവരെയാണ് ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കുക. നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന് ശേഷം പഴയ 500 രൂപ 1000 രൂപ നോട്ടുകളിൽ ഭൂരിപക്ഷവും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു.