08:10 am 2/1/2017
– ജിമ്മി കണിയാലി
ചിക്കാഗോ: ജനുവരി 7 ശനിയാഴ്ച 5 മണി മുതല്‍ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിന്റെ (7800 W Lyons St Morton Grove, IL – 600 53) പാരിഷ് ഹാളില്‍ വെച്ചു നടക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെയും പ്രവര്‍ത്തനോദ്ഘാടനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.
വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി ആയിരിക്കും ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. കൃത്യം 6.30 ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ വൈസ് പ്രസിഡന്റ് റവ. ഫാ ബാബു മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്യും. ഫോമാ കണ്വെന്ഷന് ചെയര്മാന് സണ്ണി വള്ളിക്കളം, ഫൊക്കാന ഓഡിറ്റര്‍ ടോമി അമ്പനാട്ട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
തുടര്‍ന്ന് 7 മണി മുതല്‍ കലാപരിപാടികളാരംഭിക്കും. ആഘോഷകമ്മറ്റി ചെയര്മാന് ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലിന്റെയും കോ- ചെയര്മാന് അച്ചന്കുഞ്ഞു മാത്യുവിന്റെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. ഡിന്നര്‍ സമയത്ത് സാന്താക്ലോസിനോടൊപ്പം ഫാമിലി ഫോട്ടോ എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. പരിപാടികളുടെ അവസാനം നടക്കുന്ന റാപ്പിള്‍ ഡ്രോയില്‍ 55” TV കരസ്ഥമാക്കുവാനുള്ള അവസരം ഉണ്ടായിരിക്കും.
ജോണ്സണ് കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒറ്റക്കെട്ടായി ഈ പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൃത്യസമയത്ത് തന്നെ പരിപാടികള്‍ തുടങ്ങി മറ്റ് സംഘടനകള്‍ക്ക് മാതൃകയാകുവാനുള്ള ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പരിശ്രമം വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ എല്ലാ പരിപാടികളും കുടുംബസംഗമവേദികളാക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ചിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.