കണ്ണൂര്‍: പ്രമുഖ ഫുട്ബാള്‍ താരവും മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനുമായ താളിക്കാവിലെ സി.എം. ചിദാനന്ദന് (76) അമേരിക്കയില്‍ നിര്യാതനായി. ചെന്നൈയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹം അമേരിക്കയിലെ വിര്‍ജീനിയയില്‍ മക്കളോടൊപ്പം താമസിക്കാന്‍ പോയതായിരുന്നു. എം.ആര്.സി വെല്ലിങ്ടന്‍ സേട്ട് നാഗ്ജി ട്രോഫി നേടിക്കൊടുത്ത ആദ്യ മലയാളി ക്യാപ്റ്റനാണ്.
കണ്ണൂര്‍ ബ്രദേഴ്സ് ക്ളബിലൂടെ കളിച്ചുവളര്‍ന്ന ചിദാനന്ദന് അക്കാലത്തെ ഏറ്റവും മൂര്‍ച്ചയേറിയ മുന്നേറ്റനിരക്കാരനായാണ് അറിയപ്പെട്ടത്. 1962-63 വര്‍ഷത്തെ കണ്ണൂര്‍ ജില്ല ലീഗ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് നേടിയ ബ്രദേഴ്സ് ക്ളബില്‍ പ്രധാന കളിക്കാരനായിരുന്നു. 1961 മുതല്‍ നാല് വര്‍ഷം സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കളിച്ചു. 1961ല്‍ കോഴിക്കോട്ട് നടന്ന ദേശീയ ഫുട്ബാളില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്പങ്കിട്രോഫി പങ്കിട്ട കേരള ടീമില്‍ അംഗമായിരുന്നു. ബ്രദേഴ്സ് ക്ളബില്‍നിന്ന് മോഹന്‍ ബഗാനിലേക്കും പിന്നീട് സര്‍വീസസ്, എം.ആര്.സി വെല്ലിങ്ടണ്‍ ക്ളബുകളിലേക്കും നീണ്ട കരിയറായിരുന്നു ചിദാനന്ദന്േറത്. അവസാനമായി ബൂട്ടണിഞ്ഞ ക്ളബ് മദ്രാസ് റെജിമെന്ററി ക്ളബായിരുന്നു. അഞ്ചുവര്‍ഷമാണ് ഇവര്‍ക്കുവേണ്ടി കളിച്ചത്. വിരമിച്ചതിനുശേഷം ഇരുപതു വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറ്റി. കണ്ണൂര്‍ ജില്ല വെറ്ററന്‍സ് ഫുട്ബാളേഴ്സ് ഫോറം അംഗമാണ്. പ്രമുഖ ഫുട്ബാള്‍ താരമായ സി.എം. തീര്‍ഥാനന്ദന്‍, കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്ന സി.എം. അശോക് ശേഖര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ. സുജയ. മക്കള്‍. അനീഷ്, അര്‍ച്ചന. മരുമകള്‍: ലസിക, ഹെറാള്‍ഡ് (ഇരുവരും അമേരിക്ക). മറ്റ് സഹോദരങ്ങള്‍: സി.എം. മീറ, പുഷ്പ, അജയന്.