പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു.

08:16 am 2/1/2017
images (14)
ഇന്ത്യയെ ഞെട്ടിച്ച പത്താൻകോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവർഷം കഴിയുന്നു. ഒരു വർഷത്തിനിപ്പുറവും പത്താൻകോട്ട് ആക്രമണം രാജ്യത്തിന് ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങിയിട്ടില്ല.
2015 ഡിസംബർ 30നാണ് വൻആയുധ ശേഖരവുമായി ഒരു സംഘം തീവ്രവാദികൾ പഞ്ചാബിലെ കത്വ ഗു‍ർദാസ്പുർ മേഖലയിലൂടെ ഇന്ത്യയിലേക്ക് കടന്നത്. ജനുവരി ഒന്നിന് അതിരാവിലെ മൂന്ന് മണിക്ക് തീവ്രവാദികൾ ബന്ധിയാക്കിയെന്നും വാഹനം തട്ടിയെടുത്തെന്നും ഗുർദാസ്പുർ എസ്പി സൽവീന്ദർ സിംഗ് റിപ്പോർട്ട് ചെയ്തു.
ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം പഞ്ചിലേക്ക് എൻഎസ്ജി സംഘത്തെ അയച്ചെങ്കിലും പുതുവർഷപ്പിറ്റേന്ന് ജനുവരി രണ്ടിന് വായുസേനയുടെ പടിഞ്ഞാറൻ കമാന്റിന്റെ ഭാഗമായ പത്താൻകോട്ട് കേന്ദ്രത്തിൽ തീവ്രവാദി ആക്രമണം നടന്നു.
തീവ്രവാദികളും സൈനികരും തമ്മിൽ അതിരൂക്ഷമായ വെടിവയ്പാണ് നടന്നത് . വൈകുന്നേരത്തോടെ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. വെടിയൊച്ചകൾ നിലച്ചെങ്കിലും മൂന്നാം തീയതിയും ദേശീയ സുരക്ഷാ ഗാർഡുകളും കര, വ്യോമസേനസൈനികരും കേന്ദ്രത്തിനുള്ളിൽ പരിശോധനകൾ തുടർന്നു. കൊല്ലപ്പെട്ട തീവ്രവാദിയുടെ ശരീരത്തിലുണ്ടായിരുന്ന ഗ്രനേഡ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് മലയാളിയായ NSG കമാന്റോ ലഫ്. കേണൽ നിരഞ്ജൻ ജനുവരി മൂന്നിന് കൊല്ലപ്പെട്ടത്.
ഏക്കറുകളോളം പരന്നുകിടക്കുന്ന പത്താൻകോട്ട് സേനാ കേന്ദ്രത്തിൽ നിന്ന് ജനുവരി 3 ഉച്ചയ്ക്ക് ശേഷം വീണ്ടും വെടിശബ്ദങ്ങൾ ഉയർന്നു. കേന്ദ്രത്തിൽ ഒളിച്ചിരുന്ന രണ്ടു തീവ്രവാദികളെ കൂടി വധിച്ച് ജനുവരി അഞ്ചിനാണ് സേന ഓപ്പറേഷൻ പൂർത്തിയാക്കിയത്. തെരച്ചിൽ വീണ്ടും ദിവസങ്ങൾ തുടർന്നു.
ഒരു സിവിലിയൻ അടക്കം എട്ട് ഇന്ത്യാക്കാർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സേനാ കേന്ദ്രത്തിലെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലക്ഷ്യമിട്ടാണ് തീവ്രവാദികൾ എത്തിയതെങ്കിലും ഈ മേഖലകളിലേക്ക് കടക്കാൻ അവ‍ർക്ക് ആയില്ല. പക്ഷെ പത്താൻകോട്ട് ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. പത്താൻകോട്ടിന് ശേഷം ഉറിയിലും നഗ്രോട്ടയിലും സേനാകേന്ദ്രങ്ങൾക്ക് നേരെ തീവ്രവാദി ആക്രമണങ്ങൾ നടന്നു. 2016 , 2017ൽ ആവർത്തികരുതേയെന്നാണ് ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും പ്രാർത്ഥനയും