08:22 am 2/1/2017
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെക്കുറിച്ച് ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്‍െറയോ അഭിപ്രായം പ്രധാനമന്ത്രി ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ളെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് ഇക്കാര്യത്തില്‍ ഉത്തരം നല്‍കാനാവില്ളെന്ന് ആര്‍.ബി.ഐ അറിയിച്ചത്. ചോദ്യം വിവരാവകാശ നിയമ പരിധിയില്‍ പെടുന്നതല്ളെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം.
ജലന്ധറില്‍നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് കിത്നയാണ് വിവരാവകാശ നിയമപ്രകാരം ആര്‍.ബി.ഐക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ളെന്നും ആര്‍.ബി.ഐ അപേക്ഷകനെ അറിയിച്ചു. ഇക്കാര്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനയച്ച അപേക്ഷയും നിരസിച്ചിരുന്നു. നോട്ട് നിരോധനം പ്രധാനമന്ത്രി സ്വന്തമായെടുത്ത തീരുമാനമായിരുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നിജസ്ഥിതി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.