06:34 pm 2/1/2017
ബംഗളുരു: പുതുവര്‍ഷ രാവില്‍ ബംഗളുരു നഗരത്തില്‍ നിരവധി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം. എം.ജി റോഡ് , ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ ഞെട്ടിക്കുന്ന അതിക്രമങ്ങള്‍ നടന്നത്.
പുതുവര്‍ഷ രാവില്‍ തെരുവുകളില്‍ ഇറങ്ങിയ നിരവധി സ്ത്രീകള്‍ക്കു നേരെ കൈയറ്റേവും അതിക്രമവും നടന്നതായി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെ ഇവിടങ്ങളില്‍ നിയോഗിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ആവശ്യത്തിന് പൊലീസുകാര്‍ എവിടെയും ഉണ്ടായിരുന്നില്ലെന്ന് തെരുവുകളില്‍ ക്യാമറകളുമായി ചെന്ന ബാംഗ്ലൂര്‍ മിറര്‍ ഫോട്ടോഗ്രാഫര്‍മാര്‍ തെളിവു സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാ്ര്രതി 11 മണിയോടെ വാഹനങ്ങളിലും കാല്‍നടയായും ആളുകള്‍ തെരുവുകളിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. മദ്യപിച്ചും മയക്കു മരുന്നുകള്‍ കഴിച്ചും ലഹരിയിലായ നിരവധി ചെറുപ്പക്കാര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കാണുന്ന സ്ത്രീകളെ മുഴുവന്‍ കയറിപ്പിടിക്കുകയായിരുന്നു ഈ കൂട്ടങ്ങള്‍. രക്ഷയില്ലാതെ വനിതാ പൊലീസില്‍ അഭയം പ്രാപിച്ച സ്ത്രീകളെ പോലും പൊലീസിന്റെ കണ്‍മുന്നില്‍വെച്ച് കൈയേറ്റം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെ സംരക്ഷിക്കാന്‍ ഒപ്പമുള്ള പുരുഷന്‍മാരും വനിതാ പൊലീസുകാരും ഏറെ പണിപ്പെട്ടു. മദ്യലഹരിയിലെത്തിയ സംഘങ്ങളെ നേരിടാന്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാതിരുന്നത് പ്രശ്‌നം വഷളാക്കി.
എന്നാല്‍, ലൈംഗികാതിക്രമം നടന്നതായി ആരും പരാതിപ്പെട്ടില്ലെന്ന് ബാംഗ്ലൂര്‍ പൊലീസ് പറയുന്നു. ലൈംഗികാതികമങ്ങള്‍ നടന്നതായി സോഷ്യല്‍ മീഡിയയില്‍ നിരവധി സ്ത്രീകള്‍ പരാതിപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂര്‍ മിറര്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഇത്തരത്തിലുള്ള ഫോട്ടോകളും പ്രസിദ്ധീകരിച്ചു. എങ്കിലും ഒരാള്‍ക്കെതിരെയും കേസ് എടുക്കാനോ സംഭവം അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

