04:30 am 3/1/2017
– ഡോ. മുരളീരാജന്‍

വാഷിങ്ടണ്‍ ഡിസി : വാഷിങ്ടണ്‍ മെട്രോയിലെ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തികൊണ്ട് ഡോ. രഘുനാഥ് നിര്യാതനായി. ആലപ്പുഴ, മാവേലിക്കര വെട്ടിയാറിലെ പുല്ലമ്പള്ളില്‍ വീട്ടില്‍ പരേതരായ ഗോപാലനുണ്ണിത്താന്റെയും ഗൗരിക്കുട്ടി അമ്മയുടെയും ഏകമകനായ ഡോ. രഘുനാഥ് (69) ഡിസംബര്‍ 31 രാത്രി 11.45 ന് വെര്‍ജീനിയായിലെ ഇന്നോവാ ഹോസ്പിറ്റലില്‍ വച്ചാണ് അന്തരിച്ചത്. ഭാര്യ ലീലാ നാഥ്. മകന്‍ ഗോപാല്‍ നാഥ്, ഓമന(ചെന്നൈ), ശ്യാമള(ആന്ധ്രപ്രദേശം), രമ, പ്രസന്ന, സുജാത എന്നിവര്‍ സഹോദരങ്ങളാണ്.
ബറോഡായിലെ എംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ ഡോ. രഘുനാഥ്, ടെക്‌സസിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് പിഎച്ച്ഡി ബിരുദം നേടിയശേഷം പ്രശസ്തമായ ബെയിലര്‍ കോളേജ് ഓഫ് മെഡിസിനില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. അമേരിക്കന്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍, കോവന്‍സ്, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത്, യുഎസ് എണ്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി എന്നിവിടങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വാഷിങ്ടണ്‍ ഡിസിയിലെ നായര്‍ സമാജത്തിന്റെ പ്രസിഡന്റായിരുന്ന ഡോ. രഘുനാഥ്, സാഹിത്യത്തിലും തത്ത്വചിന്തകളിലും സനാതന ധര്‍മ്മത്തിന്റെ എല്ലാ മേഖലകളിലും വിദഗ്ദ പ്രാവിണ്യമുള്ള വ്യക്തിയായിരുന്നു. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെഎച്ച്എന്‍എ)യിലെ വാഷിംങ്ടണ്‍ ഡിസി കണ്‍വന്‍ഷനിലെ ഓഡിറ്ററും സോവനീറിന്റെ എഡിറ്ററുമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ശിവവിഷ്ണു ക്ഷേത്രം കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംങ്ടണ്‍, ചിന്മയ മിഷന്‍, രാജധാനി മന്ദിര്‍, വെര്‍ജീനിയ, സ്വാമി ഭൂമാനന്ത തീര്‍ത്ഥന നയിക്കുന്ന സിഐആര്‍ഡി അമേരിക്ക എന്നീ സംഘടനകളില്‍ ശ്ലാഘനീയമായി പ്രവര്‍ത്തനം നടത്തിയ ഡോ. രഘുനാഥിന്റെ വിയോഗം വാഷിങ്ടണിലെ മലയാളികള്‍ക്ക് ഒരു വലിയ ദുഃഖത്തിനുപരി, നികത്താനാവാത്ത നഷ്ടം കൂടിയാണ്. ഒരു തികഞ്ഞ മനുഷ്യ സ്‌നേഹിയായ ഡോ. രഘുനാഥ് വാഷിങ്ടണിലെ മലയാളി ഹൃദയങ്ങളില്‍ മായാത്ത ചിത്രമായി ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കും.
മരണാനന്തര കര്‍മ്മങ്ങള്‍, ജനുവരി 7നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ : 703 655 8615 ബീന കാളത്ത് :571 345 4362 കേരളത്തിലെ ഫോണ്‍ നമ്പര്‍ : 91 965 600 5904.
