ജനുവരി സഭാ താരക മാസമായി ആചരിക്കുന്നു.

09:23 am 3/1/2017

– പി.പി. ചെറിയാന്‍
Newsimg1_10151002
ന്യൂയോര്‍ക്ക് : മെത്രാപ്പോലീത്തയുടെ കത്ത്, സഭാ വാര്‍ത്തകള്‍, അറിയിപ്പുകള്‍ എന്നിവ യഥാസമയം സഭാ ജനങ്ങളില്‍ എത്തിക്കുന്ന മലങ്കര സഭാ താരകയെക്കുറിച്ചു അവബോധം വളര്‍ത്തുന്നതിനും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിന് 2017 ജനുവരി സഭാ താരക മാസമായി ആചരിക്കുന്നു. 125–ാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന സഭാ താരക വരിക്കാരുടെ എണ്ണം 20,000മാണ്. കഴിഞ്ഞ വര്‍ഷം സഭാ താരക മാസത്തില്‍ 5000 പുതിയ വരിക്കാരെ ചേര്‍ക്കുവാന്‍ കഴിഞ്ഞതായി സഭാ താരക പത്രാധിപ സമിതി ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. യൂയാക്കി മാര്‍ കൂറിലോസ് തിരുമേനി അറിയിച്ചു.

എല്ലാ മാര്‍ത്തോമ ഭവനങ്ങളിലും സഭാ താരക എന്ന ലക്ഷ്യം സഫലമാക്കുവാന്‍ ഇടവക തലത്തില്‍ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് തിരുമേനി അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യത്തിന് താരക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പത്രാധിപ സമിതി അംഗങ്ങളും ഇടവക സന്ദര്‍ശിക്കുമെന്നും തിരുമേനി പറഞ്ഞു. പത്ത് വരിക്കാരെ ചേര്‍ക്കുന്ന ഒരാള്‍ക്ക് ഒരു വര്‍ഷത്തേക്കു സഭാ താരക സൗജന്യമായി ലഭിക്കും.

പത്രാധിപ കുറിപ്പുകള്‍, വേദ പഠനം, സമകാലിക ചിന്തകള്‍, ആനുകൂല്യക പ്രധാന്യമുള്ള വിഷയങ്ങളെപറ്റിയുള്ള ചര്‍ച്ചകള്‍, ലേഖനങ്ങള്‍, കത്തുകള്‍, കവിതകള്‍, പ്രതികരണങ്ങള്‍ എന്നിവയാല്‍ സംപുഷ്ടമാണ് സഭാ താരക. പ്രമോട്ടേഴ്‌സും ചുമതലക്കാരും ഇടവക സന്ദര്‍ശിക്കുമ്പോള്‍ സഭാംഗങ്ങളും വികാരിമാരും ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.